ഐഡിഎഫ്‌സി ബാങ്ക് പ്രവർത്തനം തുടങ്ങി

Posted on: October 21, 2015

IDFC-Bank-Inaugration-Big

ന്യൂഡൽഹി : ഗ്രാമീണ മേഖലയിൽ ബാങ്കിംഗ് വൻ വളർച്ചയ്ക്കു തയാറെടുക്കുകയാണെന്നും കുറെ വർഷങ്ങൾക്കു മുമ്പ് ടെലികോം മേഖല നേടിയ വളർച്ചയ്ക്കു സമാനമായിരിക്കുമിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഡൽഹയിൽ ഐഡിഎഫ്‌സി ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിന്റെ ആദ്യ സഖി ശക്തി അക്കൗണ്ട് ഉടമകൾക്ക് പ്രധാനമന്ത്രി അക്കൗണ്ട് കിറ്റുകൾ കൈമാറി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അവർ ബാങ്കിന്റെ മൈക്രോ എടിഎമ്മിൽ ഇടപാടു നടത്തുകയും ചെയ്തു. ബാങ്കിന്റെ ജോയിന്റ് ലയബിലിറ്റി വിമൻസ് ലൈവ്‌ലിഹുഡ് ഗ്രൂപ്പ് ലോൺ ആണ് സഖി ശക്തി അക്കൗണ്ട്. ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് വെരിഫിക്കേഷൻ, നെറ്റ് ബാങ്കിംഗ്, കാർഡ് സൈ്വപ് എന്നവ കൂട്ടിയോജിപ്പിച്ചു ഐഡിഎഫ്‌സി ബാങ്ക് പ്രത്യേകം തയാറാക്കിയതാണ് മൈക്രോ എടിഎം.

കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്‌ലി, ധനവകുപ്പ് സഹമന്ത്രി ജയന്ത് സിൻഹ, ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ അനിൽ ബായ്ജൽ, ഐഡിഎഫ്‌സി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. രാജീവ് ലാൽ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

ടെക്‌നോളജിയുടെ സഹായത്തോടയാണ് ഇരുപത്തിനാലു മണിക്കൂറും ബാങ്കിംഗ് സേവനം ലഭ്യമക്കുന്നതും ബാങ്കിന്റെ സാന്നിധ്യം കൂടുതൽ സ്ഥലത്തു ലഭ്യമാകുന്നതും. ഇപ്പോൾ ബാങ്കിംഗ് സേവനത്തിനു പുറത്തു നില്ക്കുന്ന, പ്രത്യേകിച്ചു സ്വയം തൊഴിൽ സംരംഭകരുടേയും ഗ്രാമീണമേഖലയുടേയും അടുത്തേക്ക് ബാങ്ക് പോകുവാൻ ഉദ്ദേശിക്കുന്നതായും ബാങ്ക് മാനേജിംഗ് ഡയറക്ടർ ഡോ. രാജീവ് ലാൽ പറഞ്ഞു.

ഐഡിഎഫ്‌സി ബാങ്ക് 23 ശാഖകളുമായിട്ടാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. മുംബൈ ആണ് ആസ്ഥാനം. ബാങ്കിന്റെ 15 ശാഖകൾ മധ്യപ്രദേശിലെ മൂന്നു ജില്ലകളിലാണ്. ഭാരത് ബാങ്കിംഗ്, പേഴ്‌സണൽ ആൻഡ് ബിസിനസ് ബാങ്കിംഗ്, ഹോൾസെയിൽ ബാങ്കിംഗ് എന്നീ മുന്നു ഡിവിഷനുകളാണ് ബാങ്കിനു പ്രധാനമായിട്ടുള്ളത്.

TAGS: IDFC Bank |