കൊച്ചിയിൽ നിന്ന് സ്‌പൈസ് ജെറ്റ് പുതിയ സർവീസുകൾ തുടങ്ങുന്നു

Posted on: April 28, 2015

SPICEJET-BOEING-big

കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സ്‌പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കും. രാജ്യത്തെ രണ്ടാം സ്ഥാനത്തുള്ള ലോ ഫെയർ എയർലൈനായ സ്‌പൈസ് ജെറ്റ് കൊച്ചിയിൽനിന്നു ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ മാലിയുമായി ബന്ധിപ്പിച്ച് കൂടുതൽ സർവീസുകൾ തുടങ്ങും. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഉദ്യോഗസ്ഥരുമായി സ്‌പൈസ് ജെറ്റ് പ്രതിനിധികൾ നടത്തിയ ചർച്ചകളിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടയത്.

ദുബായ്, മാലി എന്നിവിടങ്ങളിലേക്കാണ് നിലവിൽ കൊച്ചിയിൽ നിന്ന് സ്‌പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര സർവീസുള്ളത്. ഈ റൂട്ടുകളിൽ തിരക്ക് ഏറുന്ന സാഹചര്യത്തിലാണ് വിമാനങ്ങളുടെ എണ്ണം കൂട്ടാനും അനുബന്ധ സർവീസുകൾ പുതുതായി തുടങ്ങാനും നിർദ്ദേശമുണ്ടായത്. ദുബായ്, മാലി എന്നിവിടങ്ങളിലേക്ക് ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ഒട്ടേറെ യാത്രികർക്ക് ട്രാൻസിറ്റ് വിമാനത്താവളമാകുന്നത് ഇപ്പോൾ കൊച്ചിയാണ്. ഇക്കാരണത്താൽ മസ്‌കറ്റ് തുടങ്ങി ഗൾഫിലെ സുപ്രധാന കേന്ദ്രങ്ങളിലേക്കു സർവീസുകൾ തുടങ്ങാനും നിലവിലുള്ള ദുബായ് സർവീസുകളുടെ എണ്ണം കൂട്ടാനും ധാരണയായി.

കൊച്ചിയിൽ നിന്നുള്ള ദീർഘകാല ആവശ്യം മാനിച്ചാണ് ഗൾഫിലേക്കുള്ള സർവീസുകൾ വർധിപ്പിക്കുന്നതെന്നും പ്രകൃതിരമണീയമായ മാലിയിലേക്കുള്ള യാത്രികരുടെ എണ്ണം ക്രമാനുഗതമായി ഉയരുന്ന കാര്യം കമ്പനിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നെന്നും സ്‌പൈസ് ജെറ്റ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ സഞ്ജീവ് കപൂർ പറഞ്ഞു. ഗൾഫിലെ കേരളീയർക്ക് താങ്ങാനാവുന്ന നിരക്കിലുള്ള യാത്രാ സൗകര്യം ലഭ്യമാക്കാനുള്ള താത്പര്യവും അദ്ദേഹം പങ്കുവച്ചു.

ചുരുങ്ങിയ ചെലവിൽ മികച്ച യാത്രാ സൗകര്യം ജനങ്ങൾക്കു നൽകാനുള്ള സ്‌പൈസ് ജെറ്റിന്റെ പദ്ധതിക്ക് എല്ലാ പിന്തുണയും സിയാൽ മാനേജിംഗ് ഡയറക്ടർ വി. ജെ. കുര്യൻ വാഗ്ദാനം ചെയ്തു.