സിയാല്‍ : ഒന്നാം ടെര്‍മിനല്‍ അറൈവല്‍ പ്രവര്‍ത്തനം ഇന്ന് തുടങ്ങും

Posted on: December 19, 2018

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഓപ്പറേഷന്‍ ബുധനാഴ്ച തുടങ്ങും. രണ്ടാം ഘട്ടമായി പുറപ്പെടല്‍ മേഖലയിലെ ബോര്‍ഡിംഗ് ഗേറ്റുകള്‍ വ്യാഴാഴ്ച പ്രവര്‍ത്തന നിരതമാകും. മൂന്നാംഘട്ടമായി ചെക്ക് ഇന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

നവീകരിച്ച ഒന്നാം ടെര്‍മിനല്‍ ഡിസംബര്‍ 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. നിലവില്‍ ടെര്‍മിനല്‍ രണ്ടിലാണ് ആഭ്യന്തര ഓപ്പറേഷന്‍ നടക്കുന്നത്. അത് മൂന്നു ഘട്ടങ്ങളിലായി ടെര്‍മിനല്‍ ഒന്നിലേക്ക് മാറ്റാനാണ് സിയാല്‍ ഉദ്ദേശിക്കുന്നത്. ചൊവാഴ്ച ഈ മേഖലയുടെ സുരക്ഷാ ചുമതല സി ഐ എസ് എഫ് ഏറ്റെടുത്തു.

ബുധനാഴ്ച രാവിലെ 10 ന് ഹൈദരാബാദില്‍ നിന്നെത്തുന്ന ഇന്‍ഡിഗോ വിമാനം ടെര്‍മിനല്‍ ഒന്നില്‍ എത്തുന്നതോടെ അറൈവല്‍ മേഖലയുടെ പ്രവര്‍ത്തനം തുടങ്ങും. ബുധനാഴ്ച രാവിലെ 10 മുതല്‍ ആഭ്യന്തര ആഗമന യാത്രക്കാരെല്ലാം ഒന്നാം ടെര്‍മിനലിലൂടെയാവും പുറത്തിറങ്ങുക. ആദ്യ പടിയായി ഏഴ് എയ്‌റോബ്രിഡ്ജുകളില്‍ നാലെണ്ണവും മൂന്ന് റിമോര്‍ട്ട് ഗേറ്റുകളും പ്രവര്‍ത്തിക്കും. എയ്‌റോബ്രിഡ്ജ് ഘടിപ്പിക്കാനാകാത്ത ചെറിയ വിമാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ബസ് മാര്‍ഗം റിമോര്‍ട്ട് ഗേറ്റിലെത്തി അറൈവല്‍ ഭാഗത്തെത്തും.

ടെര്‍മിനല്‍ ഒന്നില്‍ നേരത്തെ സജ്ജമാക്കിയിരുന്ന എക്‌സ്- റേ യന്ത്രങ്ങള്‍ പ്രളയത്തില്‍ നശിച്ചതിനാല്‍ പുതിയവ ഘടിപ്പിക്കുന്ന പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതിനാല്‍ പുറപ്പെടല്‍ സംവിധാനത്തിന്റെ ഒരു ഭാഗം നിലവിലെ ടെര്‍മിനല്‍ രണ്ടില്‍ തന്നെയാവും പ്രവര്‍ത്തിക്കുക.

ടെര്‍മിനല്‍ രണ്ടില്‍ ചെക്ക് -ഇന്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയായ ശേഷം പ്രത്യേകം സജ്ജമാക്കിയ ഇടനാഴിയിലൂടെ യാത്രക്കാരെ ടെര്‍മിനല്‍ ഒന്നിന്റെ സെക്യൂരിറ്റി ഹോള്‍ഡിംഗ് മേഖലയില്‍ എത്തിക്കും. ഇവിടെ നിന്ന് എയ്‌റോബ്രിഡ്ജിലൂടെ വിമാനത്തില്‍ കയറാവുന്നതാണ്. ടെര്‍മിനല്‍ ഒന്നിലെ എക്‌സ് – റേ യന്ത്രങ്ങള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയാവുന്നതുവരെ പുറപ്പെടല്‍ യാത്രക്കാര്‍ ടെര്‍മിനല്‍ രണ്ടില്‍ തന്നെയാണ് എത്തേണ്ടത്.

ആഭ്യന്തര യാത്രക്കാരുടെ തിരക്ക് വന്‍തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിലവിലെ ടെര്‍മിനല്‍ രണ്ടില്‍ സ്ഥലപരിമിതി അനുഭവപ്പെടുന്നുണ്ട്. എക്‌സ് – റേ യന്ത്രങ്ങള്‍ ഘടിപ്പിച്ചു കഴിയുന്നതുവരെ ഇതേ പ്രശ്‌നം യാത്രക്കാര്‍ അനുഭവിക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് തത്കാലം ടെര്‍മിനല്‍ രണ്ടില്‍ ചെക്ക് ഇന്‍ കഴിഞ്ഞശേഷം യാത്രക്കാരെ ഒന്നാം ടെര്‍മിനലിന്റെ അതിവിശാലമായ സെക്യൂരിറ്റി ഹോള്‍ഡിംഗ് മേഖലയില്‍ എത്തിക്കുന്നത്. ടെര്‍മിനല്‍ ഒന്നിലെ പുറപ്പെടല്‍ സെക്യൂരിറ്റി ഹോള്‍ഡിംഗ് മേഖലയിലെ കടകള്‍, ലോഞ്ചുകള്‍, ബാര്‍, കഫറ്റേരിയകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ഭൂരിഭാഗവും വ്യാഴാഴ്ച വൈകിട്ടോടെ പ്രവര്‍ത്തിച്ചു തുടങ്ങും.

ഒന്നാം ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ റാമ്പിലൂടെ എത്തുന്നത് ഓണക്കഥ ആലേഖനം ചെയ്ത പടകൂറ്റന്‍ പെയിന്റിംഗ് കണ്ടുകൊണ്ടാവും. തുടര്‍ന്ന് ചെരാതുകള്‍ കത്തുന്ന ഇടനാഴിയിലൂടെ കണ്‍വെയര്‍ ബെല്‍റ്റ് ഭാഗത്തെത്തും. അറൈവല്‍ ഭാഗത്തെ മൂന്ന് കണ്‍വെയര്‍ ബെല്‍റ്റുകളുടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. ടെര്‍മിനല്‍ ഒന്നിലെ കാര്‍ പാര്‍ക്കിംഗ് സൗകര്യവും സജ്ജമായി കഴിഞ്ഞു.

TAGS: CIAL Terminal 1 |