ജെറ്റ് എയര്‍വേസ് 20 പ്രതിദിന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു

Posted on: November 21, 2018


കൊച്ചി : ജെറ്റ് എയര്‍വേസ് ഡിസംബറോടെ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ 18 അധിക സര്‍വീസുകള്‍ കൂടി ആരംഭിക്കും. ആസിയാന്‍-ഗള്‍ഫ് മേഖലകളിലേക്ക് മുബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് 14 അധിക ഫ്‌ളൈറ്റുകള്‍ സര്‍വീസ് ആരംഭിക്കും. മെട്രോ നഗരമായി ഉയരുന്ന പൂനയ്ക്കും സിംഗപ്പൂരിനിടയില്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്.

മുംബൈ, ഡല്‍ഹി, ബംഗളുരൂ എന്നിവിടങ്ങളില്‍നിന്നുള്ള സിംഗപ്പൂരിലേക്കു ഇപ്പോള്‍ നടത്തുന്ന സര്‍വീസുകള്‍ക്കു പരിപൂരകമായിട്ടാണ് പുതിയ സര്‍വീസ്. പൂനയില്‍നിന്നുള്ള കമ്പനിയുടെ രണ്ടാമത്തെ രാജ്യാന്തര ഫ്‌ളൈറ്റ് ആണിത്. ഫാര്‍ ഈസ്റ്റ്, ഏഷ്യ-പസിഫിക്്, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് വളരെ സഹായകമാണ്. ഗരുഡ ഇന്തോനേഷ്യ, ജെറ്റ് സ്റ്റാര്‍ ഏഷ്യ, ക്വാണ്ടാസ് എന്നീ കമ്പനികളുമായി ജെറ്റ് എയര്‍വേസിന് കോഡ്‌ഷെയറിംഗുണ്ട്.

ബാങ്കോക്ക്, കാഠ്മണ്ഡു, സിംഗപ്പൂര്‍, ദോഹ, ദുബായ് എന്നിവിടങ്ങളിലേക്ക് അധിക ഫ്‌ളൈറ്റുകള്‍ ഡിസംബര്‍ ആദ്യം മുതല്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നു ബാങ്കോക്കിലേക്കും സിംഗപ്പൂരിലേക്കും മൂന്നാമത്തെ പ്രതിദിന സര്‍വീസ് ആരംഭിക്കും. അതേപോലെ മുംബൈയില്‍നിന്നു സിംഗപ്പൂരിലേക്കും മൂന്നാമത്തെ പ്രതിദിന സര്‍വീസ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2017-ല്‍ ഇന്ത്യയ്ക്കും സിംഗപ്പൂരിനുമിടയിലുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

മുംബൈ, ഡല്‍ഹി, ദോഹ എന്നിവയെ ബന്ധിപ്പിച്ചിട്ടുള്ള രണ്ടാമത്തെ പ്രതിദിന ഫ്‌ളൈറ്റ് ഡിസംബറില്‍ ആരംഭിക്കും. കൂടാതെ ദുബായ്-മുംബൈയ്ക്ക് ഇടയില്‍ ഏഴാമത്തെ പ്രതിദിന ഫ്‌ളൈറ്റ് ആരംഭിക്കും. ഗള്‍ഫുമായി 24 മണിക്കൂര്‍ കണക്ടീവിറ്റിയാണ് ജെറ്റ് എയര്‍വേസ് ഒരുക്കുന്നത്. ഡല്‍ഹിക്കും കാഠ്മണ്ഡുവിനും ഇടയ്ക്ക് നാലാമത്തെ പ്രതിദിന ഫ്‌ളൈറ്റ് ജെറ്റ് എയര്‍വേസ് ഡിസംബറില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഭ്യന്തര സര്‍വീസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുംബൈ-അമൃത്‌സര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും. ഇതിനു പുറമേ ഡല്‍ഹിയില്‍നിന്ന് അമൃതസറിലേക്ക് നാലാമത്തെ പ്രതിദിന ഫ്‌ളൈറ്റും ആരംഭിക്കും. ഡല്‍ഹി- വധോധര, ബംഗലുരൂ-വധോധര, മുംബൈ -ഗുവാഹട്ടി, മുംബൈ- പാറ്റ്‌ന റൂട്ടുകളില്‍ പുതിയ സര്‍വീസ് ആരംഭിക്കും. മുംബൈ- ജോഥപൂര്‍ റൂട്ടിലെ വിമാനത്തിന്റെ ശേഷി ഉയര്‍ത്തുമെന്ന് ജെറ്റ് എയര്‍വേസ് വേള്‍ഡ് വൈഡ് സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാജ് ശിവകുമാര്‍ പറഞ്ഞു.

TAGS: Jet Airways |