മുംബൈ-മാഞ്ചസ്റ്റർ സർവീസുമായി ജെറ്റ് എയർവേസ്

Posted on: May 27, 2018

കൊച്ചി : ജെറ്റ് എയർവേസ് നവംബർ അഞ്ചു മുതൽ മുംബൈയിൽനിന്നു മാഞ്ചസ്റ്ററിലേക്ക് നേരിട്ടു വിമാന സർവീസ് ആരംഭിക്കും. ഇന്ത്യയ്ക്കും യുകെയ്ക്കുമിടയിൽ ജെറ്റ് എയർവേസിന്റെ അഞ്ചാമത്തെ നേരിട്ടുള്ള വിമാന സർവീസ് ആണിത്. തുടക്കത്തിൽ ആഴ്ചയിൽ നാലു സർവീസ് (തിങ്കൾ, വ്യാഴം, ശനി, ഞായർ ) വീതമായിരിക്കും. 254 സീറ്റുകളുള്ള എ 330-200 എയർബസാണ് സർവീസിന് ഉപയോഗിക്കുന്നത്.

മുംബൈയിൽ നിന്നു പ്രാദേശിക സമയം 2.30-ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (9w 130) പ്രാദേശിക സമയം 7.55 ന് മാഞ്ചസ്റ്ററിൽ എത്തിച്ചേരും. തിരിച്ച് മാഞ്ചസ്റ്ററിൽ നിന്നു പ്രാദേശിക സമയം 9.35 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (9w 129) ഇന്ത്യൻ സമയം പുലർച്ചെ 0.40 ന് മുംബൈയിൽ എത്തിച്ചേരും.

ജെറ്റ് എയർവേസിന്റെ രാജ്യാന്തര വിമാന സർവീസ് ശൃംഖലയിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്ന ഇരുപത്തിയൊന്നാമത്തെ വിദേശ നഗരമാണ് മാഞ്ചസ്റ്റർ. മുംബൈ- മാഞ്ചസറ്റർ ഫ്‌ളൈറ്റിനു പ്രയാസമില്ലാതെ രാജ്യത്തെ വിവിധ നഗരങ്ങളിലേക്കു കണക്ഷനും ലഭ്യമാണ്. അഹമ്മദാബാദ്, വഡോധര, ഭുജ്, ഭോപ്പാൽ, ബംഗലുരു, കോൽക്കൊത്ത, കോയമ്പത്തൂർ, ഡൽഹി, ഗോവ, ഹൈദരാബാദ്, ഇൻഡോർ, ഔറംഗബാദ്, ജയപ്പൂർ, ചെന്നൈ, നാഗ്പൂർ, രാജ്‌കോട്ട്, റെയ്പ്പൂർ, ഉദയപ്പൂർ തുടങ്ങിയ നഗരങ്ങളിലേക്കു മുംബൈയിൽ നിന്നു കണക്ഷൻ ഫ്‌ളൈറ്റ് ലഭിക്കും. അതു പോലെ ബാങ്കോക്ക്, കൊളംബോ, ഹോങ്കോംഗ്, സിംഗപ്പൂർ, ഡാക്കാ, കാഠ്മണ്ഡു തുടങ്ങിയ രാജ്യാന്തര നഗരങ്ങളിലേക്കും കണക്ഷൻ ലഭിക്കും.

പുതിയ സർവീസിലൂടെ ഇന്ത്യയ്ക്കും യുകെയ്ക്കുമിടയിൽ വാണിജ്യവും ടൂറിസവും വർധിക്കുവാൻ ഇടയാക്കുകയും ചെയ്യുമെന്ന് ജെറ്റ് എയർവേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബെ പറഞ്ഞു.