ജെറ്റ് എയർവേസും എയറോ മെക്‌സിക്കോയും തമ്മിൽ കോഡ്‌ഷെയർ ധാരണ

Posted on: May 27, 2018

കൊച്ചി : ജെറ്റ് എയർവേസും മെക്‌സിക്കൻ വ്യോമയാന കമ്പനിയായ എയ്‌റോമെക്‌സിക്കോയും കോഡ്‌ഷെയർ ധാരണ. ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ലണ്ടനിലെ ഹീത്രു വിമാനത്താവളം വഴി മെക്‌സിക്കോ സിറ്റിയിലേക്കുമുള്ള യാത്രയിലാണ് കോഡ് ഷെയർ ഉപയോഗിക്കുക.

രണ്ട് കമ്പനികളുടെയും വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇതോടെ മികച്ച കണക്ടിവിറ്റി ലഭ്യമാകും. ഇതിന് പുറമേ ഇന്ത്യക്കും മെക്‌സിക്കോക്കുമിടയിൽ ഗതാഗത സൗകര്യം മെച്ചപ്പെടാനും പുതിയ സഹകരണം സഹായിക്കും. ലണ്ടനിൽ നിന്നും മെക്‌സിക്കോയിലേക്കുള്ള എയ്‌റോമെക്‌സിക്കോയുടെ ഫ്‌ളൈറ്റുകളിൽ ജെറ്റ് എയർവേയ്‌സിന്റെ 9W കോഡ് ഉപയോഗിക്കും. ജെറ്റ് എയർവേസിന്റെ ലണ്ടനിൽ നിന്നും ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലേക്കുള്ള സർവീസുകളിൽ എയ്‌റോമെക്‌സിക്കോയുടെ AM കോഡ് ഉപയോഗിക്കും.

ജെറ്റ് എയർവേസിന്റെ ഏറ്റവും പ്രധാനപ്പെട്ട കരാറുകളിലൊന്നാണിതെന്ന് ജെറ്റ് എയർവേസ് വോൾടൈം ഡയറക്ടർ ഗൗരംഗ് ഷെട്ടി പറഞ്ഞു. യാത്രക്കാർക്ക് കൂടുതൽ കണക്ടിവിറ്റി ഓപ്ഷനുകൾ പ്രദാനം ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളുമായി എയ്‌റോമെക്‌സിക്കോയുടെ യാത്രക്കാരെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാറെന്ന് എയ്‌റോമെക്‌സിക്കോ ചീഫ് റവന്യു ഓഫീസർ അൻകോ വൻ ഡെർ വെർഫ് പറഞ്ഞു.