മുംബൈ എയർപോർട്ടിന് എസിഐ പുരസ്‌കാരം

Posted on: March 6, 2018

മുംബൈ : മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളം (സിഎസ്‌ഐഎ) സേവന നിലവാരത്തിൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള എസിഐ പുരസ്‌കാരം. ഉപഭോക്താക്കളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് 2017 ലെ മികച്ച വിമാനത്താവളമായി എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) തെരഞ്ഞെടുത്തത്. 176 രാജ്യങ്ങളിലായുള്ള 1953 വിമാനത്താവളങ്ങളിലെ സേവനങ്ങളിൽ യാത്രക്കാരുടെ സംതൃപ്തി പരിഗണിച്ചാണ് മുംബൈ വിമാനത്താവളത്തെ അവാർഡിന് തെരഞ്ഞെടുത്തത്.

ഓരോ വിമാനത്താവളങ്ങളിലെയും 34 നിർണായക പ്രവർത്തനങ്ങളെ കുറിച്ച് യാത്രക്കാർക്കിടയിൽ നടത്തിയ സർവെയിലൂടെയാണ് എസിഐ തെരഞ്ഞെടുപ്പ് നടത്തുന്നത്. വിമാനത്താവളങ്ങളുടെ ഉപയോഗം, ചെക്ക്-ഇൻ, സുരക്ഷ സ്‌ക്രീനിംഗ്, വിശ്രമ മുറികൾ, സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഇതിൽപ്പെടും. ഏവിയേഷൻ രംഗത്തെ ഏറ്റവും മികച്ച ഈ ബഹുമതി ജിവികെ മിയാലിന്റെ വിട്ടുവീഴ്ചയില്ലാത്ത ഉത്തരവാദിത്തത്തിന്റെ സാക്ഷ്യമാണ്.

കഴിഞ്ഞ വർഷം വിമാനത്താവളം ഉപയോഗിച്ച 4.60 കോടി യാത്രക്കാർക്ക് ലഭിച്ച മികച്ച സേവനങ്ങൾക്കുള്ള അംഗീകാരമാണ് ബഹുമതിയെന്നും ജിവികെ സ്ഥാപകനും ചെയർമാനുമായ ജിവികെ റെഡി പറഞ്ഞു.