കഴിഞ്ഞ വർഷം വിമാന യാത്ര നടത്തിയവർ 141 ദശലക്ഷം

Posted on: January 12, 2018

കൊച്ചി : കഴിഞ്ഞ കൊല്ലം വിമാനയാത്ര നടത്തിയവരുടെ എണ്ണം 141 ദശലക്ഷമായി. വിമാനയാത്രക്കാരുടെ സംഖ്യ 2036 ൽ 337 ദശലക്ഷമായി ഉയരുമെന്ന് സിറ്റ പാസഞ്ചർ ഐടി ട്രെൻഡ്‌സ് സർവേ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിമാനയാത്രക്കാരിൽ ഭൂരിഭാഗവും മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരോ അതിൽ തൽപരരോ ആണ്. 54 ശതമാനം യാത്രികർക്കും, എയർലൈൻ ചെക്ക്-ഇൻ കൗണ്ടറുകളേക്കാൾ സെൽഫ് – ബാഗ് ഡ്രോപ് ആണ് താൽപര്യം. ആഗോളതലത്തിൽ ഇത് 33 ശതമാനം മാത്രമാണ്.

മൊബൈലിൽ ഫ്‌ളൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നവരുടെ എണ്ണം 83 ശതമാനം ആണ്. ബാഗേജ് തെറ്റായി കൈകാര്യം ചെയ്തതിൽ മൊബൈൽ വഴി പരാതിപ്പെട്ടവരുടെ 82 ശതമാനവും മൊബൈലിൽ ബാഗേജ് ട്രാക്കു ചെയ്തവരുടെ എണ്ണം 79 ശതമാനവും ആണ്. 2016 ലെ കണക്കനുസരിച്ച് ഒരു ബില്യണിലേറെ ഇന്ത്യക്കാർ കുറഞ്ഞത് ഒരു ഫോണെങ്കിലും ഉപയോഗിക്കുന്നവരാണ്. അതിൽ തന്നെ 300 ദശലക്ഷം പേർ സ്മാർട്ട് ഫോൺ ഉടമകളാണ്.

ബയോമെട്രിക്‌സിന്റെ ഉപയോഗം ആണ് മറ്റൊന്ന്. ഇന്ത്യയുടെ ദേശീയ ബയോമെട്രിക് ഐഡന്റിറ്റി സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. 100 കോടിയിലേറെ ഇന്ത്യാക്കാരാണ് ഇതിൽ എൻറോൾ ചെയ്തിട്ടുള്ളത്.

പാസ്‌പോർട്ടിനു പകരം ബയോമെട്രിക്‌സ് ഉപയോഗിക്കാൻ 70 ശതമാനം യാത്രക്കാരും താൽപര്യം പ്രകടിപ്പിച്ചു. ഇതിന്റെ ആഗോള ശരാശരി 57 ശതമാനം ആണ്: ഏഴ് ഇന്ത്യൻ വിമാനത്താവളങ്ങളിലെ 71 ശതമാനം യാത്രക്കാർ സർവേയിൽ പങ്കെടുത്തു. വിമാനകമ്പനികൾ, വിമാനങ്ങൾ, വിമാനതാവളങ്ങൾ എന്നിവയ്ക്കുള്ള വാർത്താവിനിമയ വിവരസാങ്കേതികവിദ്യ സേവന ദാതാക്കളാണ് സിറ്റ.

TAGS: SITA |