കൊച്ചി വിമാനത്താവളത്തിൽ പുതിയ ഐഎൽഎസ്

Posted on: January 3, 2018

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടാമത്തെ ഇൻസ്ട്രുമെന്റേഷൻ ലാൻഡിംഗ് സിസ്റ്റം സ്ഥാപിച്ചു. സർവീസുകൾ വർധിച്ച സാഹചര്യത്തിൽ വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ വേണ്ടിയാണ് പുതിയ ഐഎൽഎസ് സജ്ജമാക്കിയിട്ടുള്ളത്. ഇതോടെ നിലവിലുള്ള റൺവേയുടെ കിഴക്കും പടിഞ്ഞാറും ഭാഗത്ത് രണ്ട് ഐഎൽഎസുകളായി. ഇപ്പോൾ പ്രതിവാരം 1400 വിമാനസർവീസുകളാണ് കൊച്ചിയിലുള്ളത്.

വിമാനത്താവളത്തിലെ രണ്ട് വശത്തും ഐഎൽഎസ് സ്ഥാപിച്ചത് രണ്ട് റൺവേകളുടെ ഫലം ചെയ്യും. ഗൾഫ് രാജ്യങ്ങളിൽ നിന്നും മുംബൈ, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾ ഇനി റൺവേയുടെ പടിഞ്ഞാറു ഭാഗത്തുകൂടിയും മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കിഴക്കുഭാഗത്തുകൂടിയുമായിരിക്കും ഇനി ലാൻഡ് ചെയ്യുന്നത്.

എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയാണ് ഒരു കോടി രൂപ മുതൽമുടക്കി രണ്ടാമത്തെ ഐഎൽഎസ് സ്ഥാപിച്ചിട്ടുള്ളത്. സിയാൽ കെട്ടിടം ഉൾപ്പടെയുള്ള അനുബന്ധ സൗകര്യങ്ങളും പൂർത്തിയാക്കി. കൂടാതെ മൂന്നരക്കോടി രൂപ ചെലവിൽ റൺവേ അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.