എയർ ഫ്രാൻസ് കെഎൽഎം – ജെറ്റ് എയർവേസ് യാത്രാ, കാർഗോ സർവീസ് ധാരണ

Posted on: December 1, 2017

കൊച്ചി : യൂറോപ്പിനും ഇന്ത്യയ്ക്കുമിടയിൽ യാത്രാസൗകര്യവും കാർഗോ സേവനങ്ങളും മെച്ചപ്പെടുത്താനായി എയർ ഫ്രാൻസ് കെഎൽഎമ്മും ജെറ്റ് എയർവേസും രണ്ടു കരാറുകളിൽ ഒപ്പുവച്ചു.

യൂറോപ്പിനും ഇന്ത്യയ്ക്കും ഇടയിലുള്ള പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനൊപ്പം ഇന്ത്യയെ ഇന്റർ അറ്റ്‌ലാന്റിക് നെറ്റ് വർക്കുമായി ബന്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന വർധിത സഹകരണ കരാറാണ് ആദ്യത്തേത്.

ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് എയർലൈനുകൾ ചേർന്ന് ഇത്തരത്തിലൊരു സഹകരണ കരാർ ഒപ്പു വയ്ക്കുന്നത്. 2014 മുതൽ ഈ മുന്നു വിമാനക്കമ്പനികളും സഹകരിച്ചു പ്രവർത്തിക്കുകയാണ്. ജെറ്റ് എയർവേസിന്റെ ഹബായ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും എയർ ഫ്രാൻസ്-കെഎൽഎമ്മിന്റെ ഹബുകളായ പാരീസ്, ആംസ്റ്റർഡാം എന്നിവിടങ്ങൾ വഴി യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും കോഡ്‌ഷെയർ കരാറിലൂടെ 2016 മുതൽ ശക്തിപ്പെടുത്തി വരികയായിരുന്നു.

2017-18 ശീതകാലത്ത് എയർ ഫ്രാൻസ്, കെഎൽഎം, ജെറ്റ് എയർവേസ് എന്നിവ പാരീസ്, ആംസ്റ്റർഡാം, നാല് ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങൾ (ഡൽഹി, മുംബൈ, ബംഗലുരൂ, ചെന്നൈ) എന്നിവയ്ക്കിടയിൽ ആഴ്ചയിൽ 64 ഫ്‌ളൈറ്റുകൾ സർവീസ് നടത്തും. പാരീസിൽനിന്ന് എയർ ഫ്രാൻസും ജെറ്റ് എയർവേസും ചേർന്ന് ഡൽഹി, മുംബൈ, ചെന്നൈ, ബംഗലരൂ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 33 ഫ്‌ളൈറ്റുകളും ജെറ്റ് എയർവേസും കെഎൽഎമ്മും ചേർന്ന് ആംസ്റ്റർഡാമിൽനിന്ന് ഡൽഹി, മുംബൈ, ബംഗലുരൂ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 31 ഫ്‌ളൈറ്റുകളും ഓപ്പറേറ്റ് ചെയ്യും.

കാർഗോ വിഭാഗത്തിലെ നിലവിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ജെറ്റ് എയർവേസ് കാർഗോയും എയർ ഫ്രാൻസ് കെഎൽഎം കാർഗോയും തമ്മിലുള്ള ധാരണാ പത്രമാണ് രണ്ടാമത്തേത്. ഇതനുസരിച്ച് ഇരു കമ്പനികളും അവരവർക്കു മുൻതൂക്കമുള്ള റൂട്ടുകളിൽ ഉയർന്ന മൂല്യമുള്ള പുതിയ കാർഗോ സേവന ഉത്പന്നങ്ങൾ വിപുലമാക്കും.

യഥാക്രമം ഇന്ത്യയിലും (മുംബൈയും, ഡൽഹിയും) ഫ്രാൻസിലും (പാരീസ്-ചാൾഡ് ഡിഗോൾ), നെതർലെൻഡിലും (ആംസ്റ്റർഡാം) അവരുടെ പ്രവർത്തന ഹബുകളും ഗേറ്റ്‌വേകളും ഉപയോഗപ്പെടുത്തി പുതിയ ലക്ഷ്യസ്ഥാനങ്ങളെ സേവന ശൃംഖലയിലേക്കു കൊണ്ടുവരും.

ഇന്ത്യയ്ക്കും യൂറോപ്പിനുമിടയിൽ സംയോജിത കാർഗോ സഹകരണ മാതൃക കെട്ടിപ്പെടുക്കുവാനാണ് ജെറ്റ് എയർവേസ് കാർഗോയും എയർ ഫ്രാൻസ് കെഎൽഎം കാർഗോയും ലക്ഷ്യമിടുന്നത്. ഇതിനായി അവരവരുടെ ഫ്‌ളൈറ്റ് നെറ്റ്‌വർക്കിൽ പ്രവർത്തനം ശക്തമാക്കും. വെയർഹൗസുകൾ, സ്ഥാപിതശേഷി, സ്‌പേസ് ലഭ്യത തുടങ്ങിയവ കൈമാറി പങ്കുവയ്ക്കും. നവോദയ വിപണിയായ ഇന്ത്യയിൽനിന്നുള്ള ബിസിനസ് വ്യാപ്തം വർധിപ്പിക്കുവാൻ പ്രവർത്തിക്കും. അടുത്തയിടെ ബംഗലുരു, ചെന്നൈ എന്നിവിടങ്ങൾ നേരിട്ടുള്ള വിമാന സർവീസ് വഴി ബന്ധിപ്പിച്ചിരുന്നു.

ഞങ്ങളുടെ അതിഥികൾക്ക് ആഗോള ഫ്‌ളൈറ്റ് നെറ്റ്‌വർക്കിൽ ഉചിതമായ തെരഞ്ഞെടുപ്പും കണക്ടിവിറ്റിയും സുഖകരമായ യാത്രയും ലഭ്യമാക്കുവാൻ പുതിയ കരാറുകൾ സഹായിക്കുമെന്ന് ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയൽ പറഞ്ഞു.