ദുബായ് എയർഷോയിൽ ബോയിംഗ് 737 മാക്‌സുമായി ഫ്‌ളൈദുബായ്

Posted on: November 16, 2017

ദുബായ് : ഫ്‌ളൈദുബായ് അഞ്ചാമത് ദുബായ് എയർഷോയിൽ ബോയിംഗ് 737 മാക്‌സ് 8 വിമാനം അവതരിപ്പിച്ചു. 2013 ലെ എയർഷോയിൽ 76 ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾക്ക് ഫ്‌ളൈദുബായ് ഓർഡർ നൽകിയിരുന്നു. അതിൽ ആദ്യത്തേതാണ് ഇപ്പോൾ ഡെലിവറി ലഭിച്ചത്. ഈ വർഷം അവസാനം ആറ് 737 മാക്‌സ് 8 കൂടി ഫ്‌ളൈദുബായ്ക്ക് ലഭിക്കും. ബാക്കിയുള്ള 2023 ൽ ലഭിക്കും.

ബോയിംഗ് 737 മാക്‌സിന്റെ വരവ് ഫ്‌ളൈദുബായിയുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ സഹായകമാകുമെന്ന് കമ്പനി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു. 2013 ൽ കമ്പനിയുടെ ആദ്യ വാണിജ്യ വിമാനം പറന്നുയരുന്നതിനു മുൻപാണ് ഗൾഫിൽ നിന്നുള്ള ഏറ്റവും ബൃഹത്തായ ഓർഡർ ബോയിംഗ് കമ്പനി്ക്ക് ഫ്‌ളൈദുബായ് നൽകിയത്.

യാത്രക്കാർക്ക് പുതിയ അനുഭവങ്ങൾ പ്രദാനം ചെയ്യാനും പുതിയ റൂട്ടുകളിൽ സർവീസാരംഭിക്കാനും ബോയിംഗ് 737 മാക്‌സിന്റെ വരവ് സഹായകമാണെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘെയ്ത് അൽ ഘെയ്ത് അഭിപ്രായപ്പെട്ടു.

പുതുതായി വരുന്ന ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ ബാങ്കോക്ക്, പ്രാഗ്, യെക്കാത്തലിൻബർഗ്, സാൻസിബാർ തുടങ്ങിയ കേന്ദ്രങ്ങളിലെക്കാണ് സർവീസിന് ഉപയോഗിക്കും 2023 ആവുമ്പോഴേക്ക് എല്ലാ റൂട്ടുകളിലും ഇവ സർവീസ് നടത്തും.

ബോയിംഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോയ എയർക്രാഫ്റ്റാണ് 737 മാക്‌സ് എന്ന് ബോയിംഗ് വൈസ് പ്രസിഡന്റ് (കമേഴ്‌സ്യൽ) മാർടി ബെൻട്രോട്ട് പറഞ്ഞു. 93 വിമാനക്കമ്പനികളിൽ നിന്നായി 3950 ഓർഡറുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

നടപ്പ് വർഷം പുതുതായി 6 കേന്ദ്രങ്ങളിലേക്ക് ഉൾപ്പടെ ഇപ്പോൾ 95 നഗരങ്ങളിലേക്ക് ഫ്‌ളൈദുബായ് സർവീസ് നടത്തി വരുന്നു. പ്രതിവാരം 1700 സർവീസുകളാണുള്ളത്.