ശീതകാലയാത്രയ്ക്ക 30 % നിരക്ക് ഇളവുമായി ജെറ്റ് എയർവേസ്

Posted on: November 9, 2017

കൊച്ചി : ജെറ്റ് എയർവേസ് രാജ്യാന്തര നെറ്റ്‌വർക്കിൽ ഇന്ത്യയിൽ നിന്നുള്ള ശീതകാലയാത്രാ നിരക്കിൽ 30 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചു. നവംബർ എട്ടു മുതൽ 14 വരെ ബുക്ക്‌ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ഇളവ്.

പുതുവർഷം മുതൽ ഈ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യാം. 2018 ജനുവരി 22 വരെ ഈ ടിക്കറ്റിന് സാധുതയുണ്ടായിരിക്കും. കമ്പനിയുടെ പ്രീമിയർ, ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് ഈ സൗജന്യം ബാധകമായിരിക്കും.

ആംസ്റ്റർഡാം, പാരീസ്, ലണ്ടൻ ഹീത്രൂ, ടൊറോന്റോ എന്നിവിടങ്ങളിലേക്കും ഗൾഫ് ലക്ഷ്യങ്ങളായ അബുദാബി, ദുബായ്, ഷാർജ, ബഹ്‌റിൻ, ദോഹ, ദമാം, ജെദ്ദ, റിയാദ്, കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും സാർക്ക് ലക്ഷ്യങ്ങളായ കൊളംബോ, ഡാക്കാ, കാഠ്മണ്ഡു എന്നിവിടങ്ങളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാങ്കോക്ക്, സിംഗപ്പൂർ, ഹോങ്കോംഗ് തുടങ്ങിയ ലക്ഷ്യങ്ങളിലേക്കും ഇളവുകൾ ലഭ്യമാണ്.

എയർലൈനിന്റെ നോൺ സ്റ്റോപ് സർവീസുകളായ ചെന്നൈ-പാരീസ്, ബംഗളരൂ- ആംസ്റ്റർഡാം, മുംബൈ/ഡൽഹി- ലണ്ടൻ ഹീത്രൂ എന്നിവയിലും ഈ ഓഫർ ബാധകമാണ്. ജെറ്റ് എയർവേസിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ് എന്നിവയിൽനിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ജെറ്റ് എയർവേസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷണ്മുഖം അറിയിച്ചു.

TAGS: Jet Airways |