ബാഗേജ് കൈകാര്യം ചെയ്യൽ : ചെലവ് 2.1 ബില്യൺ ഡോളർ

Posted on: September 9, 2017

കൊച്ചി : ബാഗേജ് കൈകാര്യം ചെയ്യുന്നതിൽ 2016 ൽ ആഗോളതലത്തിൽ വിമാനക്കമ്പനികൾ മികച്ച നേട്ടം കൈവരിച്ചതായി വിമാന സേവനദാതാക്കളായ സിറ്റയുടെ റിപ്പോർട്ട്. കഴിഞ്ഞ 20 വർഷമായി ബാഗുകൾ നിരീക്ഷിക്കുന്നതിലും കണ്ടുപിടിക്കുന്നതിലും ലോകത്തിലെ എല്ലാ വിമാനതാവളങ്ങളിലും അംഗീകരിക്കപ്പെട്ട ഏജൻസിയാണ് സിറ്റ. അയാട്ട നിർദേശിക്കുന്ന നിരീക്ഷണ സംവിധാനമാണ് സിറ്റയുടെ വേൾഡ് ട്രേസർ. 1000 വിമാനത്താവളങ്ങളിൽ സിറ്റയുടെ സാന്നിദ്ധ്യം ഉണ്ട്.

അടുത്ത വർഷം ജൂൺ മാസത്തോടെ പിഴവില്ലാത്ത ബാഗേജ് കൈകാര്യംചെയ്യലാണ് വിമാനകമ്പനികളുടെ ലക്ഷ്യം. 2016 ൽ അശ്രദ്ധമായി കൈകാര്യം ചെയ്തത് 1000 യാത്രക്കാർക്ക് 5.73 ശതമാനം എന്ന നിരക്കിലായിരുന്നു. ബാഗേജുകൾ മോശമായി കൈകാര്യം ചെയ്യുന്നതിൽ 12.25 ശതമാനം കുറവുണ്ടായെങ്കിലും ചെലവ് വളരെ കൂടുതലാണെന്ന് സിറ്റ റിപ്പോർട്ടു പറയുന്നു. നഷ്ടപ്പെട്ട ബാഗുകൾ കണ്ടുപിടിച്ച്  യാത്രക്കാർക്ക് എത്തിച്ചുകൊടുക്കാൻ 2016 ൽ ചെലവായത് 2.1 ബില്യൺ ഡോളറാണ്.

കണക്ഷൻ ഫ്‌ളൈറ്റുകൾ കൂടുതൽ അടുപ്പിച്ചാകുമ്പോൾ ബാഗേജ് നീക്കം വെല്ലുവിളിയാകും. 2016 ൽ വൈകിയെത്തിയ ബാഗുകൾ 47 ശതമാനം ആണ്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ 3.77 ബില്യൺ പേരാണ് വിമാനയാത്ര നടത്തിയത്. 2007 മുതൽ അശ്രദ്ധവും അലസവുമായ രീതിയിൽ ബാഗേജ് കൈകാര്യം ചെയ്യുന്നത് 70 ശതമാനം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. വിമാനകമ്പനികളും വിമാനത്താവളങ്ങളും സാങ്കേതികവിദ്യ കൂടുതൽ പ്രയോജനപ്പെടുത്തിയതിന്റെ ഫലമാണ് ഈ നേട്ടം.

വരുന്ന 18 മാസങ്ങളിൽ ബാഗേജ് കൈകാര്യം കൂടുതൽ മെച്ചപ്പെടും. അയാട്ടയും വിമാനകമ്പനികളും ഓരോ ചെക് ഇൻ ബാഗേജും അതത് യാത്രയിൽ സസൂക്ഷ്മം നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും. അയാട്ടയുടെ 753 എന്ന തീരുമാനം 2018 ജൂണിൽ നിലവിൽ വരുമ്പോൾ, എല്ലാ ബാഗേജുകളും നാലു പോയിന്റുകളിൽ കർശനമായി നിരീക്ഷക്കപ്പെടും. ചെക്ഇൻ, വിമാനത്തിൽ കയറുമ്പോൾ, ചരക്കുവാഹനങ്ങളിലേക്ക് കൈമാറുമ്പോൾ, അവസാനം യാത്രക്കാരന്റെ അടുത്ത് ബാഗേജ് ബെൽറ്റിലെത്തുമ്പോൾ എല്ലാം നിരീക്ഷണം കർശനമായിരിക്കും. യാത്രക്കാർക്ക് ബാഗേജ് ഒരു പാഴ്‌സൽ പോലെ ട്രാക്കു ചെയ്യാനും കഴിയും.