ജെറ്റ് എയർവേസിന് എയർബിഎൻബിയുമായി ധാരണ

Posted on: August 26, 2017

കൊച്ചി : ജെറ്റ് എയർവേസ് പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനിയായ എയർബിഎൻബിയുമായി ധാരണയിലെത്തി. ഇതുവഴി ഇന്ത്യൻ യാത്രക്കാർക്ക് വ്യത്യസ്തമായ ലോകോത്തര ആതിഥ്യം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

പുതിയ സഹകരണത്തിന്റെ ഭാഗമായി ആകർഷകമായ മത്സരവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജെറ്റ് എയർവേസിന്റെ വെബ്‌സൈറ്റിലൂടെ 64 ഡെസ്റ്റിനേഷനുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ മത്സരത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. നറുക്കെടുപ്പിൽ വിജയിക്കുന്ന അഞ്ചുപേർക്ക് കപ്പിൾ ടിക്കറ്റും താമസത്തിനുള്ള എയർബിഎൻബി നൽകുന്ന 35000 രൂപയുടെ കൂപ്പണും സൗജന്യമായി ലഭിക്കും. കൂടാതെ 100 ജെറ്റ് എയർവേസ് യാത്രക്കാർക്ക് എയർബിഎൻബി വഴി ബുക്കു ചെയ്യുന്ന താമസത്തിന് 10 ശതമാനം ഡിസ്‌ക്കൗണ്ട് സമ്മാനമായി ലഭിക്കും.

നവീനവും വ്യത്യസ്തവുമായ യാത്രാനുഭവങ്ങൾ അതിഥികൾക്കൊരുക്കുവാൻ ജെറ്റ് എയർവേസ് പ്രതിജ്ഞാബദ്ധമാണെന്ന് ജെറ്റ് എയർവേസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷണ്മുഖം പറഞ്ഞു.

ജെറ്റ് എയർവേസുമായുള്ള സഹകരണം ഇന്ത്യൻ യാത്രക്കാരുമായുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാൻ സഹായിക്കുമെന്ന് എയർബിഎൻബി ഇന്ത്യ കൺട്രി മാനേജർ അമൻപ്രീത് ബജാജ് പറഞ്ഞു.

TAGS: Airbnb | Jet Airways |