എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ടാം വർഷവും ലാഭത്തിൽ

Posted on: June 29, 2017

കൊച്ചി : എയർ ഇന്ത്യ എക്‌സ്പ്രസ് തുടർച്ചയായി രണ്ടാം വർഷവും ലാഭത്തിൽ. കഴിഞ്ഞ (2016-17) സാമ്പത്തിക വർഷം എയർ ഇന്ത്യ എക്‌സ്പ്രസ് 296.7 കോടി രൂപ മൊത്തലാഭം നേടി. മുൻ വർഷം (2015-16) 361.68 കോടി രൂപയായിരുന്നു മൊത്തലാഭം. കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തിലും കമ്പനി പ്രവർത്തനലാഭം നേടിയിരുന്നു.

സ്വകാര്യ വിമാനക്കമ്പനികളിൽ നിന്നുള്ള മത്സരത്തിനും ഗൾഫ് മേഖലയിലെ സാമ്പത്തിക തളർച്ചയ്ക്കും ഇടയിൽ രണ്ടാം വർഷവും ലാഭം നിലനിർത്താനായത് നേട്ടമാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ശ്യാം സുന്ദർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം വരുമാനം 14 ശതമാനം വർധിച്ച് 3,335 കോടി രൂപയായി. വിമാനങ്ങളുടെ ദൈനംദിന ഉപയോഗസമയം ശരാശരി 11.3 മണിക്കൂറിൽ നിന്ന് 12.2 മണിക്കൂറായി വർധിപ്പിക്കാൻ സാധിച്ചു. വിമാനങ്ങളുടെ എണ്ണം 17 ൽ നിന്ന് 23 ആയി. ഇക്കാലയളവിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും പുതിയത് തുടങ്ങാനും സാധിച്ചു.

നിലവിൽ 545 പ്രതിവാര സർവീസുകളാണുള്ളത്. യാത്രക്കാരുടെ എണ്ണം 3.42 ദശലക്ഷമായി. മുൻവർഷം 2.8 ദശലക്ഷം പേരാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിൽ യാത്രചെയ്തത്. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ഭക്ഷണവിഭവങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും മൊബൈൽ ആപ്ലിക്കേഷനും അവതരിപ്പിച്ചു. ആയാട്ട നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇന്റർനാഷണൽ ഓപ്പറേഷണൽ സേഫ്ടി ഓഡിറ്റ് അംഗീകാരവും എയർ ഇന്ത്യ എക്‌സ്പ്രസിന് ലഭിച്ചതായി അദേഹം പറഞ്ഞു.