യൂറോപ്പിലേക്ക് നോൺസ്റ്റോപ്പ് സർവീസുകളുമായി ജെറ്റ് എയർവേസ്

Posted on: May 4, 2017

കൊച്ചി : ജെറ്റ് എയർവേസ് ചെന്നൈയിൽ നിന്നു പാരീസിലേക്കും ബംഗലുരുവിൽ നിന്നു ആംസ്റ്റർഡാമിലേക്കും നേരിട്ടുള്ള പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ഒക്‌ടോബർ 29 മുതൽ ശീതകാല ഷെഡ്യൂളിനൊപ്പമാണ് പുതിയ ഫ്‌ളൈറ്റുകൾ ആരംഭിക്കുക.

ദക്ഷിണേന്ത്യയിൽനിന്നു യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും വർധിച്ചുവരുന്ന യാത്രാ ഡിമാൻഡ് കണക്കിലെടുത്താണ് പാരീസിലേക്കും ആംസ്റ്റർഡാമിലേക്കും നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റുകൾ തുടങ്ങുന്നത്. പുതിയ റൂട്ടുകളിൽ എയർബസ് എ 330 വിമാനങ്ങളാണ് ഏർപ്പെടുത്തുന്നത്.

പുതിയ ഫ്‌ളൈറ്റ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഇക്കണോമി ക്ലാസ് റിട്ടേൺ ടിക്കറ്റിന് 39,999 രൂപയും പ്രീമിയർ ക്ലാസിന് 1,29,999 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതിനു പുറമേ ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേസ് എന്ന പേരിൽ 71,310 രൂപ മുതൽ പ്രത്യേക നിരക്കും ജെറ്റ് എയർവേസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലുള്ള ബുക്കിംഗ് ഉടനേ ആരംഭിക്കും.

ചെന്നൈയിൽനിന്നു പ്രാദേശിക സമയം 1.45-ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (9ഡബ്ല്യു 128), പ്രാദേശിക സമയം 8.10 ന് പാരീസിൽ എത്തിച്ചേരും. പാരീസിൽ നിന്നു പ്രാദേശിക സമയം 10.10 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (9 ഡബ്ല്യു 127) പുലർച്ചെ 0.15 ന് ചെന്നൈയിൽ തിരിച്ചെത്തും. എയർ ഫ്രാൻസും ഡെൽറ്റ് എയർലൈൻസും ഈ ഫ്‌ളൈറ്റുമായി കോഡ്‌ഷെയർ ചെയ്ത് ആഴ്ചയിൽ അഞ്ചു ദിവസം സർവീസ് നടത്തും.

ബംഗലുരൂവിൽ നിന്നു പ്രാദേശിക സമയം 2.25 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (9ഡബ്ല്യു 236), പ്രാദേശിക സമയം 8.35 ന് ആംസ്റ്റർഡാമിൽ എത്തിച്ചേരും. ആംസ്റ്റർഡാമിൽനിന്നു പ്രാദേശിക സമയം 10.50 ന് പുറപ്പെടുന്ന മടക്കയാത്ര ഫ്‌ളൈറ്റ് (9ഡബ്ല്യു 235) പുലർച്ചെ 0.40 ന് ബംഗളരൂവിൽ എത്തിച്ചേരും. കെഎൽഎം റോയൽ ഡച്ച് എയർലൈൻസും ഡെൽറ്റ് എയർലൈൻസും ഈ ഫ്‌ളൈറ്റുമായി കോഡ്‌ഷെയർ ചെയ്ത് ആഴ്ചയിൽ അഞ്ചു ദിവസം സർവീസ് നടത്തും. ജെറ്റ് എയർവേസ് ഇപ്പോൾ 16 വിദേശരാജ്യങ്ങളിലെ 20 നഗരങ്ങളിലേക്ക് പ്രതിദിനം 150 ലേറെ വിമാനസർവീസ് നടത്തുന്നുണ്ട്.

യൂറോപ്പിലെ 35 നഗരങ്ങളിലേക്കും യുഎസിലെ 24 നഗരങ്ങളിലേക്കും വൺസ്റ്റോപ്പ് കണക്ഷൻ ഫ്‌ളൈറ്റ് ജെറ്റ് എയർവേസ് ലഭ്യമാക്കിയിട്ടുണ്ടെന്ന് ജെറ്റ് എയർവേസ് വോൾടൈം ഡയറക്ടർ ഗുരാംഗ് ഷെട്ടി പറഞ്ഞു.