ജെറ്റ് എയർവേസിൽ പ്രീ-പെയ്ഡ് ഗ്ലോബൽ പാസ്

Posted on: February 18, 2017

കൊച്ചി : ജെറ്റ് എയർവേസ് അതിഥികൾക്കായി പ്രീ-പെയ്ഡ് ജെറ്റ് ഗ്ലോബൽ പാസ് ഏർപ്പെടുത്തി. ജെറ്റ് എയർവേസിന്റെ എല്ലാ ആഭന്തര, രാജ്യാന്തര സർവീസുകളിലും യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാവുന്നതാണ് ഈ പ്രീ-പെയ്ഡ് പാസ്.

നാലു സെറ്റ് പ്രീ-പെയ്ഡ് കൂപ്പണുകളുൾപ്പെടുന്ന ബുക്ക്‌ലെറ്റായാണ് പ്രീ-പെയ്ഡ് ജെറ്റ് ഗ്ലോബൽ പാസ് ലഭിക്കുന്നത്. 52,673 രൂപയും 1,19,312 രൂപയും (നികുതികൂടാതെ) വരുന്ന പോയിന്റുകളിലേക്ക് യഥാക്രമം ഇക്കോണമി, പ്രീമിയർ വിഭാഗങ്ങളിൽ പാസ് ലഭ്യമാണ്. അനിശ്ചിതമായും പെട്ടെന്നും യാത്ര പുറപ്പെടുന്ന അതിഥികൾക്ക് ഉപകാരപ്രദമാണ് പാസ്. അപ്പോഴത്തെ ഉയർന്ന നിരക്കുകൾ ബാധിക്കാതെ അവർക്ക് യാത്ര ചെയ്യാം.

ഗ്ലോബൽ പാസുള്ള യാത്രക്കാർ കൂപ്പണിൽ പ്രിന്റ് ചെയ്തിരിക്കുന്ന നിരക്കുകൾ മാത്രം നൽകിയാൽ മതി. മറ്റു നിരക്കു മാറ്റമൊന്നും ബാധകമല്ല. എയർലൈനിന്റെ നേരിട്ടുള്ള സർവീസുകളിൽ എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാനുള്ള സൗകര്യവും പാസ് ഉടമകൾക്കു ലഭ്യമാണ്. പ്രീ-പെയ്ഡ് ആയതിനാൽ പാസ് കുടുംബത്തിലുള്ളവർക്കോ കൂട്ടുകാർക്കോ സമ്മാനിക്കുകയും ചെയ്യാമെന്ന് ജെറ്റ് എയർവേസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു. കോർപറേറ്റ്, അവധിക്കാല യാത്രികർക്ക് ഒരുപോലെ നേട്ടങ്ങൾ ലഭിക്കുന്നതാണ് പാസെന്നും കൂട്ടുകാർക്കും വീട്ടുകാർക്കും കൈമാറാവുന്നതാണെന്നും അദേഹം പറഞ്ഞു.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അതിഥികൾ കൂപ്പൺ നൽകിയാൽ മതി. ജെറ്റ് എയർവേസ് യാത്രാ ദൂരം അനുസരിച്ച് മൊത്തം നെറ്റ്‌വർക്കിനെ നാലായി തിരിച്ചിട്ടുണ്ട്. ആഭ്യന്തര നെറ്റ്‌വർക്കിൽ എവിടേക്കു വേണമെങ്കിലും ഒറ്റ കൂപ്പണിൽ യാത്ര ചെയ്യാം. ബാങ്കോക്ക്, ദുബായ് പോലുള്ള ഹ്രസ്വ ദൂര യാത്രകൾക്ക് രണ്ട് കൂപ്പൺ ഉപയോഗിക്കാം. ലണ്ടൻ, ആംസ്റ്റർഡാം തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മൂന്നു കൂപ്പണും കാനഡയിലെ ടൊറന്റോയിലേക്ക് നാലു കൂപ്പണും വേണം.

ഗ്ലോബൽ പാസ് ഇഷ്യു ചെയ്ത ദിവസം മുതൽ ആറു മാസത്തേക്ക് ഉപയോഗ്യമായിരിക്കും. എയർലൈന്റെ ഓഫീസുകളിൽ നിന്നും എയർപോർട്ടിലെ റിസർവേഷൻ കൗണ്ടറുകളിൽ നിന്നും പാസ് നേരിട്ട് വാങ്ങാം. പ്രാരംഭ ഓഫറായി ചെറിയൊരു തുകയ്ക്കു മൂന്നു മാസത്തേക്ക് അധിക വാലിഡിറ്റിയും ജെറ്റ് എയർവേസ് വാഗ്ദാനം ചെയ്യുന്നു.

TAGS: Jet Airways |