ശ്രീലങ്കൻ എയർലൈൻസ് വികസനക്കുതിപ്പിൽ

Posted on: September 4, 2014

SriLankan-Airlines-A330-300

വ്യോമയാനരംഗത്ത് 35 വർഷം പിന്നിടുന്ന ശ്രീലങ്കൻ എയർലൈൻസ് വൻ വികസനത്തിന് തയാറെടുക്കുന്നു. ഏഷ്യയിലെ പ്രമുഖ ഏവിയേഷൻ ഹബായി കൊളംബോയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വികസനപരിപാടികൾ നടപ്പിലാക്കി വരുന്നതായി ശ്രീലങ്കൻ എയർലൈൻസ് ചെയർമാൻ നിഷാന്ത വിക്രമെസിംഗെ പറഞ്ഞു.

പുതുതായി ഏവിയേഷൻ അക്കാദമിയും, ഫ്‌ലൈറ്റ് സിമുലേറ്റർ പരിശീലന സൗകര്യവും, മട്ടല രാജ്പക്‌സേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എംആർഒ (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) കേന്ദ്രവും തുടങ്ങുവാൻ ഉദേശിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ഫ്‌ലീറ്റ് ആധുനികവത്കരണത്തിന്റെ ഭാഗമായി 6 എ 330-300 ഉം, 7 എ 350-900 വിമാനങ്ങളും ഈ വർഷം ഒക്‌ടോബർ മുതൽ ലഭ്യമാകും. പുതിയ വിമാനങ്ങൾ എത്തുന്നതോടെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സൗകര്യപ്രദമായ കണക്ടിവിറ്റിയും, മെച്ചപ്പെട്ട സർവീസും ലഭ്യമാക്കാൻ സാധിക്കുമെന്ന് ശ്രീലങ്കൻ എയർലൈൻസ് സിഇഒ കപില ചന്ദ്രസേന പറഞ്ഞു.

ഇപ്പോൾ 21 എയർ ബസ് വിമാനങ്ങൾ ഉപയോഗിച്ച് 44 രാജ്യങ്ങളിലെ 89 കേന്ദ്രങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. പ്രതിവാരം 260 ഫ്‌ലൈറ്റുകൾ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഓപറേറ്റ് ചെയ്യുന്നു. കഴിഞ്ഞ വർഷം 42 ലക്ഷം പേരാണ് ശ്രീലങ്കൻ എയർലൈൻസിൽ യാത്ര ചെയ്തത്.