എമിറേറ്റ്‌സ് ഡിസംബർ 15 മുതൽ ഫ്‌ളോറിഡ സർവീസ് ആരംഭിക്കുന്നു

Posted on: October 16, 2016

emirates-boeing-777-200lr-a

ദുബായ് : എമിറേറ്റ്‌സ് ഡിസംബർ 15 മുതൽ ദുബായിൽ നിന്ന് ഫ്‌ളോറിഡയിലെ ഫോർട്ട്‌ലോഡർഡെയിൽ ഹോളിവുഡ് ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. 8 ഫസ്റ്റ്ക്ലാസ്, 42 ബിസിനസ് ക്ലാസ്, 216 ഇക്‌ണോമി ക്ലാസ് സീറ്റുകളുള്ള ബോയിംഗ് 777-200 എൽആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

യുഎഇ സമയം പുലർച്ചെ മൂന്ന് മണിക്ക് ദുബായിൽ നിന്നും പുറപ്പെടുന്ന (ഇ കെ 213) ഫ്‌ളൈറ്റ് യുഎസ് സമയം രാവിലെ 10.25 ന് ഫോർട്ട്‌ലോഡർഡെയിലിൽ എത്തും. ഫോർട്ട്‌ലോഡർ ഡെയിലിൽ നിന്നും തിരിച്ച് യുഎസ് സമയം രാത്രി 8.20 ന് (ഇ കെ 214) പുറപ്പെട്ട് യുഎഇ സമയം രാത്രി 7.40 ന് ദുബായിൽ എത്തിച്ചേരും. ഈ നോൺസ്‌റ്റോപ്പ് ഫ്‌ളൈറ്റിന് 14 മണിക്കൂർ 20 മിനിട്ടാണ് യാത്ര സമയം.

യുഎസിലെ എമിറേറ്റ്‌സിന്റെ 11 ാമത്തെ ഡെസ്റ്റിനേഷനാണ് ഫോർട്ട്‌ലോഡർഡെയിൽ. സൗത്ത് ഫ്‌ളോറിഡ, മിയാമി, വെസ്റ്റ് പാംബീച്ച് മേഖലയിലുള്ള യാത്രക്കാർക്ക് പുതിയ സർവീസ് ഗുണകരമാകുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് പ്രസിഡന്റ് സർ ടിം ക്ലാർക്ക് പറഞ്ഞു.