സിയാൽ പുതിയ അന്താരാഷ്ട്ര ടെർമിനൽ 2016 ൽ തുറക്കും

Posted on: August 28, 2014

Cial-New-I-Terminal-Plan-bi

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമ്മിക്കുന്ന അന്താരാഷ്ട്ര ടെർമിനൽ 2016 മാർച്ചിൽ പൂർത്തിയാകുമെന്നു മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ അറിയിച്ചു.

പതിനഞ്ചുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ടെർമിനലിന്റെ സിവിൽ വർക്കുകൾ 2015 ജൂണിൽ പൂർത്തിയാകും. 1,700 പൈലുകളടിച്ച് ഒന്നാംനിലയുടെ പണി പൂർത്തിയായി. രണ്ടാംനിലയുടെ നിർമാണം തുടങ്ങി. കിറ്റ്‌കോയ്ക്കാണ് മേൽനോട്ടം ചുമതല.

ഇലക്ട്രിക്കൽ ജോലികൾ, എസ്‌കലേറ്ററുകളും ലിഫറ്റുകളും സ്ഥാപിക്കൽ, ബാഗേജ് പരിശോധനാ സംവിധാനം തുടങ്ങിയവയ്ക്കു ടെൻഡർ ക്ഷണിച്ചു. 850 കോടി രൂപയാണ് നിർമാണച്ചെലവ്. ഇവിടെ മണിക്കൂറിൽ 4,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ സൗകര്യമുണ്ടാകും.

112 ചെക്ക് ഇൻ കൗണ്ടറുകളും 60 എമിഗ്രേഷൻ കൗണ്ടറുകളും 19 ബോർഡിംഗ് ഗേറ്റുകളും പത്ത് എയ്‌റോബ്രിഡ്ജുകളും സ്ഥാപിക്കും. പുതിയ ടെർമിനൽ പ്രവർത്തനക്ഷമമാകുമ്പോൾ നിലവിലുള്ള അന്താരാഷ്ട്ര ടെർമിനൽ ആഭ്യന്തര ടെർമിനലാക്കും. ഇപ്പോഴത്തെ ആഭ്യന്തര ടെർമിനൽ ബിസിനസ് ചാർട്ടേഡ് വിമാനങ്ങൾക്കുള്ള പ്രത്യേക ടെർമിനലാക്കുമെന്നും വി.ജെ. കുര്യൻ അറിയിച്ചു.