എമിറേറ്റ്‌സ് കോഴിക്കോട് സർവീസ് അവസാനിപ്പിക്കുന്നു

Posted on: February 26, 2016

Emirates-A330-200-aircraft-

ദുബായ് : വലിയ വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ദുബായ് – കോഴിക്കോട് സെക്ടറിലെ സർവീസ് അവസാനിപ്പിക്കാൻ എമിറേറ്റ്‌സ് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് എയർപോർട്ട് അഥോറിട്ടിക്ക് എമിറേറ്റ്‌സ് കത്ത് നൽകി. റൺവേ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് 2015 മെയ് 15 മുതലാണ് കോഴിക്കോട്ടേക്കുള്ള സർവീസുകൾ എമിറേറ്റ്‌സ് താത്കാലികമായി നിർത്തിവച്ചത്. പുതിയ ഷെഡ്യൂളിൽ സർവീസുകൾ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു എമിറേറ്റ്‌സ്. എന്നാൽ റൺവേ നിർമാണം പൂർത്തിയായാലും വലിയ വിമാനങ്ങൾക്ക് അനുമതി നൽകില്ലെന്നാണ് ഡിജിസിഎയുടെ നിലപാട്.

എമിറേറ്റ്‌സിന്റെ പിന്നാലെ മറ്റ് ഗൾഫ് വിമാനക്കമ്പനികളും കോഴിക്കോട് വിമാനത്താവളത്തെ കൈയൊഴിഞ്ഞേക്കും. എമിറേറ്റ്‌സ് സർവീസ് അവസാനിപ്പിക്കുന്നത് കോഴിക്കോട്ടെ ട്രാവൽ ഏജൻസി, ഹോട്ടൽ, ടാക്‌സി തുടങ്ങി നിരവധി മേഖലകൾക്ക് തിരിച്ചടിയാകും.

റൺവേയുടെ നീളം 13,000 അടിയായി വർധിപ്പിച്ചെങ്കിലും ടേബിൾ ടോപ്പ് വിമാനത്താവളമായതിനാൽ, സുരക്ഷ കണക്കിലെടുത്ത് വലിയ വിമാനങ്ങൾക്ക് അനുമതി നൽകേണ്ടതില്ലെന്നാണ് ഡിജിസിഎയുടെ തീരുമാനം. ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിവാരം 11 സർവീസുകളാണ് എമിറേറ്റ്‌സിനുള്ളത്. കണ്ണൂർ വിമാനത്താവളം പൂർത്തിയാകുന്ന മുറയ്ക്ക് ദുബായ് – കണ്ണൂർ സർവീസ് ആരംഭിക്കാൻ എമിറേറ്റ്‌സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.