ഇത്തിഹാദിന് ന്യൂഡൽഹി-സാൻഫ്രാൻസിസ്‌കോ സർവീസ്

Posted on: July 30, 2014

Etihad-Boeing-777-300-ER--B

ഇത്തിഹാദ് എയർവേസ് അമേരിക്കൻ നഗരമായ സാൻഫ്രാൻസിസ്‌കോയിലേക്ക് ന്യൂഡൽഹിയിൽ നിന്ന് നവംബർ 18 മുതൽ പ്രതിദിന സർവീസ് ആരംഭിക്കുന്നു. ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമാണ് സാൻഫ്രാൻസിസ്‌കോ. 2,50,000 ൽപ്പരം ഇന്ത്യക്കാർ ഇവിടെ വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നതായി ഇത്തിഹാദ് എയർവേസ് പ്രസിഡന്റും സി.ഇ.ഒ യുമായ ജെയിംസ് ഹോഗൻ പറഞ്ഞു.

ജെറ്റ് എയർവേസിൽ നിന്നു പാട്ടത്തിനെടുക്കുന്ന ബോയിംഗ് 777-300 ഇആർ വിമാനത്തിൽ ഫസ്റ്റ് ക്ലാസിൽ എട്ടും, ബിസിനസ് ക്ലാസിൽ 30 ഉം ഇക്കണോമി ക്ലാസിൽ 308 ഉം ഉൾപ്പടെ മൊത്തം 346 പേർക്ക് യാത്രചെയ്യാനാവും. ന്യൂയോർക്ക്, ലോസ്ആഞ്ചൽസ്, ഷിക്കാഗോ, വാഷിംഗ്ടൺ ഡി സി എന്നീ യു.എസ് നഗരങ്ങളിലേക്ക് നിലവിൽ ഇത്തിഹാദിന് പ്രതിദിന സർവീസുണ്ട്.

ന്യൂഡൽഹിയിൽ നിന്നു രാത്രി 9.20 നു യാത്ര തുടങ്ങുന്ന വിമാനം അബുദാബിയിൽ നിന്നും രാത്രി 2.15 ന് യാത്ര തുടർന്ന് സാൻ-ഫ്രാൻസിസ്‌കോയിൽ രാവിലെ 6.30 ന് എത്തും. സാൻഫ്രാൻസിസ്‌കോയിൽ നിന്നും രാവിലെ 8.30 നു മടക്കയാത്ര ആരംഭിക്കുന്ന വിമാനം അബുദാബിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെട്ട് വൈകിട്ട് 8.30 ന് ന്യൂഡൽഹിയിൽ എത്തിച്ചേരും.