കണ്ണൂർ വിമാനത്താവളം കരാർ ഒപ്പിട്ടു

Posted on: December 7, 2013

Kannur-Airport-Logo

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള കരാർ ഒപ്പുവച്ചു. വിമാനത്താവള ഡയറക്ടർ ബോർഡും എൽ ആൻഡ് ടി കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്.

മന്ത്രി കെ. ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 2015 ഡിസംബർ 31- നു വിമാനത്താവളം യാഥാർഥ്യമാകുമെന്നും സ്ഥലമേറ്റെടുക്കുന്നതിൽ ജനങ്ങളുടെ ഭാഗത്തുനിന്നും ഒരുതരത്തിലുമുള്ള എതിർപ്പുകൾ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളത്തിന്റെ റൺവേയ്ക്കും ടെർമിനലിനുമായി 1800 കോടി രൂപയാണു നിർമാണച്ചെലവ്. റൺവേയുടെ ആദ്യഘട്ട നിർമാണത്തിനായി 694 കോടി രൂപയുടെ ടെൻഡർ നടപടികളാണു പൂർത്തിയായത്.

ടെൻഡറിൽ 19 കമ്പനികൾ പ്രൊപ്പോസൽ സമർപ്പിച്ചു. എട്ടു കമ്പനികളെ യോഗ്യതയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ടെൻഡർ സമർപ്പിക്കുന്നതിനായി തെരഞ്ഞെടുത്തു. ഇതിൽ ആറു കമ്പനികൾ ടെൻഡർ സമർപ്പിച്ചു. ടെൻഡർ പരിശോധിച്ചതിനുശേഷം എൽ ആൻഡ്ടി കമ്പനിക്കു 694 കോടി രൂപയ്ക്കു കരാർ നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിക്കുകയായിരുന്നു.

എയ്‌കോം ഏഷ്യയാണു കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണ പദ്ധതിയുടെ കൺസൾട്ടൻസി. എയ്‌കോം ഏഷ്യയുടെ വൈസ് പ്രസിഡന്റ് ജോൺ മെന്നീസ്, എയർപോർട്ട് മാനേജിംഗ് ഡയറക്ടർ ജി.ചന്ദ്രമൗലി, എൽ ആൻഡ് ടി ഗതാഗത വിഭാഗം മേധാവി കെ.വി. പ്രവീൺ, കിയാലിന്റെ ചീഫ് പ്രോജക്ട് എൻജിനീയർ
കെ.പി. ജോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

TAGS: Kannur Airport |