ഡാറ്റ്‌സൺ റെഡി ഗോ

Posted on: April 20, 2015

Datsun-Redi-Go-front-big

ഡാറ്റ്‌സൺ ശ്രേണിയിൽ മൂന്നാമത്തെ കാർ – റെഡി ഗോ വരുന്നു. ഫൈവ് ഡോർ ഹാച്ച്ബാക്കാണ് റെഡി ഗോ. 2016 ൽ നിരത്തിലെത്തുന്ന റെഡി ഗോ, ഹ്യുണ്ടായ് ഇയോണിനും മാരുതി ഓൾട്ടോയ്ക്കും വെല്ലുവിളിയുയർത്തും. ഡാറ്റ്‌സൺ ഗോയ്ക്ക് താഴെയാകും റെഡി ഗോയുടെ സ്ഥാനം.

ഡാറ്റ്‌സൺ ലോഗോ ആലേഖനം ചെയ്ത വലിയ ഫ്രണ്ട് ഗ്രില്ലാണ് റെഡി ഗോയുടെയും മുഖമുദ്ര. ടെയിൽഗേറ്റിലും ഡാറ്റ്‌സൺ ലോഗയുണ്ട്. ഇരു വശങ്ങളിലെയും ട്വിൻ കാരക്ടർ ലൈനുകൾ റെഡി ഗോയ്ക്ക് ഒരു എസ് യു വി ടച്ച് നൽകുന്നു. റെഡി ഗോയുടെ കൺസ്പറ്റ് 2014 ലെ ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു.

Datsun-Redi-Go-Tyres-mediumറെഡി ഗോയുടെ നീളം 3.2 മീറ്ററിനും 3.6 മീറ്ററിനും മധ്യേ. എൽഇഡിയുള്ള നൂതനമായ ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പും ടെയ്ൽ ലൈറ്റുകളും റെഡി ഗോയുടെ സവിശേഷതയാണ്. 15 ഇഞ്ച് അലോയ് വീലുകൾ, 2,350 എംഎം വീൽബേസ് തുടങ്ങി വെളിപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ പ്രത്യേകതകൾ നിരവധി. ഇരട്ട സ്പീക്കറുകൾ, മൊബൈൽ ചാർജിംഗ് പോയിന്റ്, ബീജ് അപ്‌ഹോൾസ്റ്ററി തുടങ്ങിയവ സ്റ്റാൻഡേർഡ് ഫീച്ചേഴ്‌സ് ആയിരിക്കും.

ഡാറ്റ്‌സൺ ഗോയിലുള്ള 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ റെഡി ഗോയ്ക്ക് 67 ബിഎച്ച്പി കരുത്തും 104 എൻഎം ടോർക്കും പ്രദാനം ചെയ്യും. ഫൈവ് സ്പീഡ് മാനുവൽ ഗിയർ ബോക്‌സായിരിക്കും റെഡി ഗോയിലുള്ളത്. സിഎൻജി, എൽപിജി വേർഷനുകളും ഡാറ്റ്‌സൺ പരിഗണിക്കുന്നുണ്ട്. വില മൂന്ന് ലക്ഷത്തിനും 5.5 ലക്ഷത്തിനും മധ്യേ.

Datsun-Redi-Go-rear-big

റെഡി ഗോ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി ഡാറ്റ്‌സൺ ഡീലർഷിപ്പുകളുടെ എണ്ണം 60 ആയി വർധിപ്പിക്കാൻ ഒരുങ്ങുകയാണ് നിസാൻ. നിലവിൽ 21 ഡാറ്റ്‌സൺ ഡീലർഷിപ്പുകളാണ് ഇന്ത്യയിലുള്ളത്.

പി. സിദ്ധാർത്ഥ്