പുതിയ ടാറ്റ സുമോ ഗോൾഡ് വിപണിയിൽ

Posted on: October 30, 2013

TATA-SUMOടാറ്റാ മോട്ടോഴ്‌സ് പുതിയ ടാറ്റാ സുമോ ഗോൾഡ് വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ സൗകര്യങ്ങളും സ്റ്റൈലും ഒത്തുചേർന്നതാണ് പുതിയ ടാറ്റ സുമോ ഗോൾഡ്. എൻട്രി ലെവൽ എസ്‌യുവികളിൽ കൂടുതൽ ശക്തമായ എൻജിൻ, മികച്ച ഫീച്ചറുകൾ എന്നിവയും എടുത്തുപറയണം. എൻട്രി ലെവൽ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഏറ്റവും ശക്തമായതും മികച്ച പ്രകടനവും ഫീച്ചറുകളും ഉൾക്കൊള്ളുന്നതുമാണ് ടാറ്റാ സുമോ ഗോൾഡ് എന്ന് ടാറ്റാ മോട്ടോഴ്‌സ് ലിമിറ്റഡ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് (കൊമേഴ്‌സ്യൽ) സീനിയർ വൈസ് പ്രസിഡന്റ് അങ്കുഷ അറോറ പറഞ്ഞു.

ടാറ്റാ സുമോ ഗോൾഡിൽ ശക്തമായ 3 ലിറ്റർ സിആർ4 എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 3000 ആർപിഎമ്മിൽ 85 പിഎസും 1000-2000 ആർപിഎമ്മിൽ 250 എൻഎം ടോർക്കും ലഭ്യമാക്കാൻ കഴിയുന്നതാണ് ഈ എൻജിൻ. 9.3 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർവരെ സ്പീഡ് എടുക്കാൻ സാധിക്കും. ലിറ്ററിന് 15.3 കിലോമീറ്റർ വരെയാണ് മൈലേജ്. ഉയർന്ന ശേഷിയുള്ളതും ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതുമായ ക്ലച്ച് ഉള്ളതിനാൽ ഗിയർ ഷിഫ്റ്റിംഗ് എളുപ്പമാകുന്നു. നിരത്തിലെ എതിരാളികളേക്കാൾ 30 ശതമാനം വരെ കാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇതുവഴി കഴിയും. ഒരു കിലോമീറ്റർ വരെ ടെൻഷനില്ലാതെ ഡ്രൈവ് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ ടാറ്റാ സുമോ ഗോൾഡിന്റെ പ്രത്യേകത. 45,000 കിലോമീറ്ററിൽ മാത്രം ഇന്ധന ഫിൽറ്റർ മാറ്റിയാൽ മതിയാകും. നേരത്തേതിനേക്കാൾ 50 ശതമാനം കൂടുതൽ കാര്യക്ഷമമാണിത്.

ദൈർഘ്യമേറിയ വീൽബേസുകളും വീതിയേറിയ ട്രാക്കും ഡബിൾ വിഷ്‌ബോൺ സസ്‌പെൻഷനും ഉള്ളതിനാൽ ഉയർന്ന സ്പീഡിൽപോലും മികച്ച നിയന്ത്രണവും റോഡ് ഗ്രിപ്പും ഉറപ്പാക്കുന്നു. വീതികുറഞ്ഞ നിരത്തുകളിൽ പോലും എളുപ്പത്തിൽ തിരിക്കാൻ കഴിയുംവിധം അഞ്ച് മീറ്റർ ടേണിംഗ് റേഡിയസാണ് പുതിയ ടാറ്റാ സുമോ ഗോൾഡിന്. മെച്ചപ്പെട്ട ബ്രേക്കും 30 ശതമാനം വരെ മികച്ചതായ ക്ലച്ചുമാണ് ഈ വാഹനത്തിന്റെ മറ്റു പ്രത്യേകതകൾ. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറൻസായ 182 എംഎം ഉള്ളതിനാൽ ബോഡിയുടെ അടിഭാഗത്തിന് മികച്ച സംരക്ഷണം ലഭിക്കും, പ്രത്യേകിച്ച് കുണ്ടുംകുഴിയുമായ വഴികളിൽ.

ഏറെ ആകർഷകമാണ് പുതിയ ടാറ്റാ സുമോ ഗോൾഡ്. കരുത്തുറ്റ രൂപവും ആകർഷകമായ ബോഡി ഗ്രാഫിക്‌സുമാണ്. പുതിയ രീതിയിലുള്ള മുൻഭാഗത്തെ ഗ്രില്ലുകൾ പുതിയ സുമോ ഗോൾഡ് കൂടുതൽ കരുത്തുപകരുന്നു.
പുതിയ ഹെഡ്‌ലൈറ്റ് രൂപകൽപ്പനയ്ക്ക് ഒപ്പംനിൽക്കുന്ന ഉയർന്നശേഷിയുള്ള ഫോർവേഡ് ഫോഗ് ലാംപുകളുമുണ്ട്. എടുത്തുനിൽക്കുന്ന ടെയ്ൽലാംപ് ക്ലസ്റ്ററും റിയർ ഫോഗ് ലാംപുകളും വീതിയേറിയ റിയർ ഡയമെൻഷനും കാബിന് താഴെയായി ഘടിപ്പിച്ചിരിക്കുന്ന സ്‌പെയർ വീലുകളും ഏറെ ആകർഷകവും സൗകര്യപ്രദവുമാണ്.

വലിയ 15 ഇഞ്ച് വീലുകളും 215 എംഎം ട്യൂബ്‌ലെസ് ടയറുകളും ആകർഷകമായ വീൽ കവറുകളും 182 എംഎം ഗ്രൗണ്ട് ക്ലിയറൻസും ടാറ്റാ സുമോ ഗോൾഡിന് പൗരുഷം നിറയ്ക്കുന്നു. ബ്ലേയ്‌സിംഗ് റെഡ്, ട്വിലൈറ്റ് ഗ്രേ, ആർട്ടിക് സിൽവർ, പോഴ്‌സലീൻ വൈറ്റ് എന്നിങ്ങനെ ആകർഷകമായ നാല് സ്‌റ്റൈലിഷ് നിറങ്ങളിലാണ് സുമോ ഗോൾഡ് നിരത്തിലെത്തുന്നത്.

വിപണിയിലെ എതിരാളികളേക്കാൾ 20 ശതമാനം അധികം സ്ഥലസൗകര്യത്തോടുകൂടിയതും വിപണിയിലെ ഏറ്റവും വിശാലവുമായ എൻട്രി ലെവൽ എസ്‌യുവിയാണ് ടാറ്റാ സുമോ ഗോൾഡ്. ഏറെ സൗകര്യപ്രദവും ആകർഷകവുമാണ് ടാറ്റാ സുമോ ഗോൾഡിന്റെ ഉൾവശം. ആഡംബരപൂർണമായ ഫാബ്രിക്, വുഡൻ ഇന്റീരിയർ എന്നിവ ആകർഷണീയത വർദ്ധിപ്പിക്കുന്നു. ഹെഡ്, ലെഗ്, ഷോൾഡർ സ്‌പേയ്‌സ് എന്നിവ ഏറെ സൗകര്യപ്രദമാണ്. മെച്ചപ്പെട്ട നോയ്‌സ് വൈബ്രേഷൻ ഹാർഷ്‌നെസ് ഉള്ളതിനാൽ ഏറ്റവും കുറഞ്ഞ കാബിൻ നോയ്‌സ് മാത്രമേയുള്ളൂ. ശക്തമായ ഡ്യുവൽ എസിയുള്ളതിനാൽ എളുപ്പത്തിൽ കാബിൻ തണുക്കും എന്ന മെച്ചമുമുണ്ട്.

വുഡൻ സെന്റർ കൺസോളിൽ യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഏറ്റവും പുതിയ മ്യൂസിക് സിസ്റ്റമാണ് ടാറ്റാ സുമോ ഗോൾഡിലേത്. ഹാൻഡ്‌സ്ഫ്രീ കോളിംഗിനും കൂടുതൽ വിനോദോപാധികൾക്കും ഇത് സൗകര്യം നൽകുന്നു. വൺ ടച്ച് പവർ വിൻഡോസ്, കീ ഉപയോഗിച്ചുള്ള എൻജിൻ ഇമ്മൊബിലൈസർ എന്നിവ സുമോ ഗോൾഡിനെ കൂടുതൽ സുരക്ഷിതമാക്കുന്നു. ഇന്റീരിയറിന്റെ ആകർഷണീയതയ്ക്ക് ഒപ്പം നിൽക്കുന്നതാണ് ഗിയർ ഷിഫ്റ്റ് നോബ്. പവർ സ്റ്റീയറിംഗ് ഉള്ളതിനാൽ സിറ്റി ട്രാഫിക് ഡ്രൈവിംഗ് ഏറെ എളുപ്പമാണ്. ആവശ്യമായ ലംബാർ സപ്പോർട്ടോടുകൂടി വീതിയേറിയ ഡ്രൈവർ, പാസഞ്ചർ സീറ്റുകളാണ് സുമോ ഗോൾഡിന്റേത്.

ഒരു ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ മൂന്നു വർഷമാണ് ടാറ്റാ സുമോ ഗോൾഡിന്റെ വാറന്റി. അതുകൊണ്ടുതന്നെ ഇക്കാലയളവിൽ മനസമാധാനത്തോടെ സുമോ ഓടിച്ചുനടക്കാം. ഏറ്റവും കുറഞ്ഞ ചെലവുമാത്രമേയുള്ളൂ ടാറ്റാ സുമോ സ്വന്തമാക്കാൻ. അതിനൊപ്പം ഏറ്റവും മികച്ച ഫിനാൻസിംഗ് സാധ്യതകളും ഏറ്റവും കുറഞ്ഞ ഡൗൺ പേയ്‌മെന്റും ഇഎംഐ ഓപ്ഷനുകളുമാണ് ടാറ്റാ സുമോ ഗോൾഡ് അവതരിപ്പിക്കുന്നത്. 30,000 കിലോമീറ്ററിൽ മാത്രം വീൽ സർവീസ് ചെയ്താൽ മതി. കൂടാതെ ഇന്ധന ഫിൽട്ടർ റീപ്ലേസ്‌മെന്റ് 45,000 കിലോമീറ്ററിൽ മതിയാകും.

ജിഎക്‌സ്, എഫ്എക്‌സ്, ഇഎക്‌സ്, എൽഎക്‌സ്, സിഎക്‌സ് എന്നിങ്ങനെ അഞ്ചു വേരിയന്റുകളിൽ ലഭ്യമായ ടാറ്റാ സുമോ ഗോൾഡിന്റെ ന്യൂഡൽഹിയിൽ എക്‌സ് ഷോറൂം വില 5.93 ലക്ഷം മുതലാണ്.

TAGS: Tata Sumo Gold |