ഹ്യൂണ്ടായ് ചെന്നൈ പ്ലാന്റിലെ ഉത്പാദനം 50 ലക്ഷം പിന്നിട്ടു

Posted on: October 17, 2013

Hyundai-logoഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ചെന്നൈ പ്ലാന്റിൽ നിന്നു 50 ലക്ഷം കാറുകൾ പുറത്തിറക്കി. 50 ലക്ഷം തികച്ചുകൊണ്ടുള്ള ഹ്യൂണ്ടായ് ഐ10 ഗ്രാൻഡ് കാർ വ്യാഴാഴ്ച പുറത്തിറങ്ങി. ചെന്നൈ ഫാക്റ്ററിയിൽ ഉൽപാദനമാരംഭിച്ചത് 1998-ലായിരുന്നു. രാജ്യത്തെ കാർ നിർമാതാക്കളിൽ രണ്ടും കയറ്റുമതിയിൽ ഒന്നും സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഹ്യൂണ്ടായ് ഇന്ത്യയിൽ വിജയകരമായ 15-ാം വർഷം പൂർത്തിയാക്കുകയാണ്. 270 കോടി ഡോളർ മുതൽ മുടക്കിയിരിക്കുന്ന ചെന്നൈ ഇറുങ്കട്ടുകോട്ടൈ പ്ലാന്റിന്റെ വാർഷിക ഉൽപാദന ശേഷി 6.8 ലക്ഷം കാറുകളാണ്.

തമിഴ്‌നാടിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 4 ശതമാനം സംഭാവന ചെയ്യുന്ന കമ്പനിക്ക് 20.3 ശതമാനം മാർക്കറ്റ് ഷെയറുണ്ട്.
കമ്പനിയുടെ ഇന്ത്യയിലെ വാർഷിക വിറ്റുവരവ് 500 കോടി ഡോളറാണ്. 9500 പേർക്ക് നേരിട്ടും 1,27,800 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാക്കി വരുന്നു. ഗവേഷണത്തിനായി 182 കോടി രൂപയാണ് ഹ്യൂണ്ടായ് ഇന്ത്യയിൽ മുടക്കിയിരിക്കുന്നത്.

അനുബന്ധ ഘടകങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ 120 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. 740 കോടി ഡോളർ സർക്കാരുകൾക്ക് നികുതിയായി നൽകി. 19.2 ലക്ഷം കാറുകൾ കയറ്റുമതി ചെയ്യുക വഴി 1106 കോടി ഡോളറിന്റെ വരുമാനം നേടി. 50 ലക്ഷം കാറുകൾ വിൽപന നടത്തിയതിൽ 62 ശതമാനം രാജ്യത്തിനകത്താണ്; 38 ശതമാനം കയറ്റുമതി ചെയ്തു. 9000 കോടി ഡോളറോടെ ബ്രാന്റ് മൂല്യത്തിൽ രാജ്യത്ത് 43 സ്ഥാനത്താണെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയരക്റ്റർ ബി.എസ്. സിയോ പറഞ്ഞു.