കേരളത്തിന്റെ വൈദ്യുതിവാഹന നയത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് സിയാം

Posted on: December 14, 2018

കൊച്ചി : കേരള സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്കായി ബന്ധപ്പെട്ട കക്ഷികളുമായി ചേർന്ന് പണം മുടക്കാൻ മുന്നോട്ടുവരണമെന്ന് വാഹനനിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം) ആവശ്യപ്പെട്ടു. നയം രൂപീകരിക്കുകയും നികുതിയിളവും പൊതുവായ ചാർജിംഗ് സൗകര്യങ്ങളും ഒരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.

സംസ്ഥാനതല സാങ്കേതിക ഉപദേശക സമിതി ആവിഷ്‌കരിച്ച ഈ നയം നടപ്പിലാക്കാൻ സാധിക്കാത്തതും പ്രശ്‌നങ്ങൾ സൃഷ്ടിക്കാവുന്നതുമാണെന്ന് വാഹനവ്യവസായ മേഖലയിലെ പ്രമുഖരായ മുകേഷ് മൽഹോത്ര, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് മാനേജിംഗ് ഡയറക്ടർ ജോൺ കെ. പോൾ തുടങ്ങിയവർ തള്ളിക്കളഞ്ഞു.

വൈദ്യുതവാഹനങ്ങൾക്കായുള്ള സാങ്കേതികവിദ്യ അതിവേഗത്തിൽ മുന്നേറുന്നതിനാൽ അവ പ്രതിഫലിപ്പിക്കുന്ന രീതിയിൽ നയം രൂപപ്പെടുത്താനും നിയതമായ രീതിയിൽ മാറ്റങ്ങൾ വരുത്താനും സാധിക്കണം. പെട്ടെന്നുള്ള മാറ്റങ്ങൾ വരുത്താതെ ഘട്ടം ഘട്ടമായി വാഹനവ്യവസായ രംഗത്തിന് വലിയ ആഘാതമുണ്ടാക്കാതെ വേണം പുതിയ നയം നടപ്പാക്കുകയും വേണമെന്ന് സിയാം നിർദേശിച്ചു.