പോപ്പുലർ റാലി 2018 ഫ്‌ലാഗ് ഓഫ് 13 ന് കൊച്ചിയിൽ

Posted on: December 5, 2018

ഇരുപത്തിനാലാമത് പോപ്പുലർ റാലിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഗ്ലോറിയ മഹേഷ്, ഗിരജശങ്കർ ജോഷി, ഏലിയാസ് തോമസ്, പോൾ പി മാത്യു എന്നിവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു.

കൊച്ചി : ഇരുപത്തിനാലാമത് പോപ്പുലർ റാലിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഈ വർഷത്തെ റാലി ഐ.എൻ.ആർ.സി 1, ഐ.എൻ.ആർ.സി 2, ഐ.എൻ.ആർ.സി 3, എഫ്.എം.എസ്.സി.ഐ 2 ഡബ്ല്യൂ ഡി, എഫ്.എം.എസ്.സി.ഐ 4 ഡബ്ല്യൂ ഡി, എസ്റ്റീം ക്ലാസ് എന്നീ വിഭാഗങ്ങളിലാണ് നടക്കുന്നത് റാലിയുടെ ഔപചാരിക തുടക്കം കുറിച്ച് കൊണ്ട്, എഫ്.എം.എസ്.സി.ഐ യുടെയും, ഐ.എൻ.ആർ.സി യുടെയും വെബ്‌സൈറ്റുകളിൽ സപ്ലിമെന്ററി റെഗുലേഷൻസ് പ്രസിദ്ധപ്പെടുത്തി കഴിഞ്ഞു. പ്രമുഖ ടീമുകളായ മഹീന്ദ്ര അഡ്വെഞ്ചർ, അർക്കാ മോട്ടോർസ്‌പോർട്ട്‌സ്, ടീം ചാംപ്യൻസ് തുടങ്ങിയവർ റാലിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവസാന തീയതിക്ക് മുമ്പായി കൂടുതൽ ടീമുകളെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഡിസംബർ 13 ന് രാവിലെ 11.30 ന് കൊച്ചി ലെ മെറിഡിയനിൽ റാലി ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്യും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. തുടർന്ന്, കാറുകൾ അന്നേ ദിവസം തന്നെ കുട്ടിക്കാനത്തേക്ക് തിരിക്കും. 14 ന് മുണ്ടക്കയത്ത് കാറുകളുടെ സ്‌ക്രൂട്ടിനിയും, മുണ്ടക്കയം – കുട്ടിക്കാനം സെക്ടറിൽ റെക്കിയും നടത്തപ്പെടും. 15 ന് പുലർച്ചെ 6 മണിക്ക് മുണ്ടക്കയത്ത് നിന്നും റാലിയുടെ സ്‌പെഷ്യൽ സ്റ്റേജുകൾ ആരംഭിക്കും. കാണികളായി എത്തുന്നവർ 6 മണിക്ക് മുമ്പായി എസ് എസ് റൂട്ടിനരികിൽ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ ഇടം കണ്ടെത്തേണ്ടതാണ്. റാലി ആരംഭിച്ച ശേഷം സ്‌പെഷ്യൽ സ്റ്റേജ് റൂട്ടിലൂടെയുള്ള നീക്കങ്ങൾ അനുവദിക്കില്ല.

15 ന് 9 സ്റ്റേജുകൾ പൂർത്തിയാക്കുന്ന റാലി, 16 ന് പുലർച്ചെ 6 മണിക്ക് കുട്ടിക്കാനത്തും, മുണ്ടക്കയത്തുമായി 2 സ്റ്റേജുകൾ കൂടി പൂർത്തിയാക്കിയ ശേഷം കാറുകൾ കൊച്ചിയിലേക്ക് മടങ്ങി, ഉച്ച തിരിഞ്ഞ് 3-ന് കളമശേരി, എച്ച്.എം.ടി കോളനി റോഡിൽ നടക്കുന്ന സൂപ്പർ സ്‌പെഷ്യൽ സ്റ്റേജിൽ മത്സരിക്കും. ഇവിടെയും കാണികൾക്ക് പ്രവേശനം സൗജന്യമാണ്. 2.30 ന് മുമ്പായി കാണികൾ വേദിയിൽ പ്രവേശിക്കണം. പോപ്പുലർ റാലി 2018 ന്റെ വിജയിക്കുള്ള ട്രോഫിയും, ഷാംപെയ്ൻ ഷവറും സൂപ്പർ സ്‌പെഷ്യൽ സ്റ്റേജ് വേദിയിൽ തന്നെ നല്കും. ഔദ്യോഗിക സമ്മാനദാനം അന്നേ ദിവസം വൈകുന്നേരം കൊച്ചി ലെ മെറിഡിയനിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ വച്ച് നടത്തും.

ഇന്ത്യയിൽ തന്നെ ആദ്യമായി, പോപ്പുലർ റാലിക്ക് വേണ്ടി മാത്രം ഒരുക്കിയിട്ടുള്ള മൊബൈൽ ആപ്പും പ്രകാശനം ചെയ്തിട്ടുണ്ട്. റാലിയുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും, പരിപാടികളും, സമയക്രമങ്ങളും ഏവരുടെയും വിരൽതുമ്പുകളിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആപ്പിൽ സജ്ജീകരിച്ചിട്ടുള്ള ലീഡർ ബോർഡിലൂടെ റാലിയുടെ ഓരോ സ്‌റ്റേജിലെയും മത്സരഫലങ്ങൾ തൽസമയം അറിയാം. റാലിയുടെ സ്‌പെഷ്യൽ സ്റ്റേജ് റൂട്ടുകളിലെ ലൊക്കേഷനുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഇതിൽ വഴിയൊരുക്കയിരിക്കുന്നു. പൊതു ജനങ്ങൾക്കായി ആപ്പിലൂടെ പ്രെഡിക്റ്റ് ആന്റ് വിൻ എന്ന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, അതിലൂടെ പോപ്പുലർ റാലി 2018 ന്റെ വിജയി ആരായിരിക്കുമെന്ന് പ്രവചിച്ച്, സമ്മാനങ്ങൾ നേടാവുന്നതാണ്. റാലിയുടെ വീഡിയോകളും, ഫോട്ടോകളും ആപ്പിൽ കാണാനാവും. പോപ്പുലർ റാലിയ്ക്കു ശേഷവും മോട്ടോർ സ്‌പോർട്ട്‌സ് സംബന്ധമായ പൊതു വിവരങ്ങൾ ആപ്പിലൂടെ തുടർന്നും ലഭിക്കുന്നതായിരിക്കും. ആപ്്‌സോക്ക് എന്ന കമ്പനിയാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്തും ഡൗൺലോഡ് സാധ്യമാണ്. വാർത്താ സമ്മേളനത്തിൽ ഗ്ലോറിയ മഹേഷ്, ഗിരജശങ്കർ ജോഷി, ഏലിയാസ് തോമസ്, പോൾ പി മാത്യു, ജെൻസൺ, റാലി ഡ്രൈവർമാരായ ഡോ. ബിക്കു ബാബു, യൂനസ് ഇല്ല്യാസ്, ജേക്കബ് കെ.ജെ, ഫാബിദ് അഹ്മർ, സൂരജ് തോമസ്, പ്രേം കുമാർ, വിജിൽ വജയൻ, പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: Popular Rally |