ബുദ്ധ് സർക്യൂട്ടിൽ ലാപ് റെക്കോഡുമായി പോർഷെ 911 ജിടി3

Posted on: November 25, 2018

ന്യൂഡൽഹി : പോർഷെ 911 ജിടി3 ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ 2 മിനിറ്റ് 7.6 സെക്കൻഡിന്റെ ലാപ് റെക്കോഡ് സൃഷ്ടിച്ചു. റോഡിൽ അംഗീകരിക്കുന്നതും നിയമപരമായി ഉപയോഗിക്കുന്നതിന് നിർമ്മിക്കാവുന്ന കാറുകളുടെ മുൻ റെക്കോഡ് 2.2 സെക്കൻഡിന് തകർത്താണ് ഇന്ത്യയിലെ ആദ്യത്തെ ഫോർമുല 1 ഡ്രൈവറായ നരേൻ കാർത്തികേയൻ പോർഷെ 911 ജിടി3 യെ റെക്കോഡ് നേട്ടത്തിലെത്തിച്ചത്.

2005 ൽ ജോർദാനിൽ ഫോർമുല 1 ൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 2011-2012 ഹിസ്പാനിയ റേസിംഗിലും വാഹനമോടിച്ച കാർത്തികേയൻ നവംബർ 20 ന് പുലർച്ചെയാണ് ഇന്ത്യയിലെ ഏക എഫ്‌ഐഎ-സർട്ടിഫൈഡ് സർക്യൂട്ടിൽ ബെഞ്ച്മാർക്ക് ലാപ് ടൈം സെറ്റ്‌ചെയ്യുകയെന്ന വെല്ലുവിളി ഏറ്റെടുത്തത്. 5.13 കിലോമീറ്ററിൽ 16 ടേൺ ട്രാക്കിലുടനീളം ഒപ്റ്റിമം സാഹചര്യങ്ങളിലാണ് 500 എച്ച്പി ടൂ-സീറ്റർ ഏറ്റവും ഉയർന്ന വേഗതയായ 262 കിലോമീറ്റർ പെർ അവർ കൈവരിച്ചത്.

മിഷേലിന്റെയും എക്‌സോൺ മൊബീലിന്റെയും പിന്തുണയോടെ നടന്ന പദ്ധതിയിലെ റെക്കോഡിന് ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ അംഗീകൃത സർട്ടിഫിക്കേഷനും ലഭിച്ചു.  ലോകമെമ്പാടുമുള്ള ട്രാക്കുകളിൽ ലോകത്തിലെ ഏറ്റവും കരുത്തുറ്റ കാറുകൾ ഓടിക്കാൻ ഭാഗ്യം ലഭിച്ച തനിക്ക് ഏറ്റവും ആവേശകരമായ അനുഭൂതികളിലൊന്നാണ് പോർഷെ ഓടിച്ചപ്പോൾ ലഭിച്ചതെന്ന് നരേൻ കാർത്തികേയൻ പറഞ്ഞു.