പുതിയ എര്‍ട്ടിഗ വിപണിയില്‍ എത്തി : വില 7.44 ലക്ഷം മുതല്‍

Posted on: November 22, 2018

ന്യൂഡല്‍ഹി : മാരുതി സുസുകിയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ എര്‍ട്ടിഗയുടെ പരിഷ്‌കരിച്ച മോഡല്‍ വിപണിയിലെത്തി. കൂടുതല്‍ വലിപ്പവും ഇന്ധനക്ഷമതയുമാണ് പുതിയ എര്‍ട്ടിഗയുടെ പ്രത്യേകത.

പെട്രോള്‍ പതിപ്പില്‍ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയും ലിഥിയം അയണ്‍ ബാറ്ററിയുമുണ്ട്. 1.5 ലിറ്റര്‍ എന്‍ജിനാണ് പെട്രോള്‍ പതിപ്പിന് കരുത്തുപകരുക. രണ്ട് ഓട്ടോമാറ്റിക് വേരിയന്റുകളും പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്. പെട്രോള്‍ മോഡലുകള്‍ക്ക് 7.44 ലക്ഷം മുതല്‍ 9.95 ലക്ഷം രൂപ വരെയാണ് വില.

മാരുതി സുസുക്കിയുടെ പുതിയ എർട്ടിഗ പോപ്പുലർ വെഹിക്കൾസ് ആൻഡ് സർവീസസ് കൊച്ചിയിൽ പുറത്തിറക്കിയപ്പോൾ സംവിധായകൻ മധുപാൽ, കെ.എൽ. മോഹനവർമ്മ, പോപ്പുലർ വെഹിക്കിൾസ് വൈസ് പ്രസിഡന്റ് (സെയിൽസ്) സോമി കെ. ചെറുവത്തൂർ, ടാക്‌സി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് അനിൽകുമാർ, ഇന്ത്യൻ വോളിബോൾ താരം ടോം ജോസഫ്, മാരുതി സുസുക്കി റീജണൽ മാനേജർ പീറ്റർ ഐപ്പ്, ഇന്ത്യൻ ബാസ്‌ക്കറ്റ് ബോൾ താരം സുഭാഷ് ഷേണായ്, കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സോണി കെ. ചെറുവത്തൂർ എന്നിവർ സമീപം.

ഡീസല്‍ മോഡലുകളില്‍ 1.3 ലിറ്റര്‍ എന്‍ജിന്‍ തുടരും. 8.84 ലക്ഷം മുതല്‍ 10.9 ലക്ഷം രൂപ വരെയാണ് വില. എര്‍ട്ടിഗ പെട്രോള്‍ മാനുവലിന് 19.34 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 18.69 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഡീസല്‍ പതിപ്പില്‍ 25.47 കിലോമീറ്ററാണ് മൈലേജ്. മള്‍ട്ടി പര്‍പ്പസ് വാഹന നിരയിലെ ഏറ്റവും ഉയര്‍ന്ന മൈലേജായിരിക്കും ഇത്.

ഇന്ധനക്ഷമതയോടൊപ്പം വലിപ്പവും വര്‍ധിച്ചിട്ടുണ്ട്. പഴയ എര്‍ട്ടിഗയെക്കാള്‍ 40 എം എം വീതിയും അഞ്ച് എം എം ഉയരവും 99 എം എം നീളവും കൂടുതലുണ്ട്.