ഫോക്‌സ്‌വാഗൺ സെക്വറും കോർപറേറ്റ് ബിസിനസ് സെന്ററും തുടങ്ങി

Posted on: November 14, 2018

കൊച്ചി : കാർ സ്വന്തമാക്കി മൂന്ന് വർഷത്തിന് ശേഷം വിലയുടെ 55 ശതമാനം ഉടമയ്ക്ക് തിരിച്ചു നൽകുന്ന  ഫോക്‌സ്‌വാഗൺ സെക്വർ പദ്ധതിക്ക് കൊച്ചിയിൽ തുടക്കം കുറിച്ചു. ഫോക്‌സ്‌വാഗൺ ഫിനാൻഷ്യൽ സർവീസിൽ നിന്ന് കാർ വിലയുടെ 70 ശതമാനമെങ്കിലും വായ്പ എടുക്കുമ്പോഴാണ് ഈ സൗകര്യം ലഭിക്കുക.

മൂന്ന് വർഷത്തിന് ശേഷം ബാക്കി തുക അടച്ചോ ഫോക്‌സ്‌വാഗൺ ഫിനാൻഷ്യൽ സർവീസിൽ നിന്ന് വായ്പ എടുത്തോ ഉടമസ്ഥവകാശം തുടരുകയും ചെയ്യാമെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഡയറക്ടർ (ഇന്ത്യ) സ്റ്റെഫൻ നാപ്പും ഇവിഎം മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ സാബു ജോണിയും പറഞ്ഞു.

നിലവിൽ ഫോക്‌സ്‌വാഗൺ ടിഗ്വാന് മാത്രമാണ് ഈ സ്‌കീം ബാധകമാവുക. ഇപ്പോൾ കേരളത്തിലെ ഇവിഎം ഷോറൂമുകളിൽ മാത്രം നടപ്പിലാക്കിയിട്ടുള്ള സെക്വർ പദ്ധതി ഒരു വർഷത്തിനകം രാജ്യത്തെ എല്ലാ നഗരങ്ങളിലും ആരംഭിക്കുന്നതാണെന്ന് നാപ്പ് വ്യക്തമാക്കി.

ഇതൊടൊപ്പം കോർപറേറ്റ് ഇടപാടുകാർക്ക് സവിശേഷമായ സേവനം ലഭ്യമാക്കുന്ന കോർപറേറ്റ് ബിസിനസ് സെന്ററും കമ്പനി ആരംഭിച്ചു. വായ്പാ സൗകര്യം എളുപ്പത്തിലാക്കുക തുടങ്ങിയ സേവനങ്ങളാണ് ഷോറൂമുകളിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് സെന്ററുകളിൽ നിന്ന് ലഭ്യമാവുക. ഫോക്‌സ്‌വാഗൺ ഷോറൂമുകളിൽ നിന്ന് റെന്റ്-എ-കാർ സേവനവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് സാബു ജോണി അറിയിച്ചു.

ഇവിഎം മോട്ടോഴ്‌സുമായുള്ള പങ്കാളിത്തത്തിന്റെ 10 ാം വാർഷികമാഘോഷിക്കുകയാണ് ഫോക്‌സ്‌വാഗൺ ഇന്ത്യയെന്ന് നാപ്പ് പറഞ്ഞു. 10 വർഷം മുൻപ് ഒരൊറ്റ ഷോറൂമുമായി ആരംഭിച്ച ഈ ബന്ധം ഇന്ന് 10 ഔട്ട്‌ലെറ്റുകളിൽ എത്തി നിൽക്കുകയാണ്. ഈ കാലയളവിൽ ഫോക്‌സ്‌വാഗണ് 26,000 ലേറെ ഇടപാടുകാരെ സൃഷ്ടിക്കാനും ഇവിഎമ്മിന് കഴിഞ്ഞു.