മഹീന്ദ്രയുടെ പുതിയ മറാസോ

Posted on: August 7, 2018

മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര മറാസോ എന്ന പേരിൽ പുതിയ മൾട്ടി പർപ്പസ് വെഹിക്കിൾ (എംപിവി) പുറത്തിറക്കാനൊരുങ്ങുന്നു. യു-321 എന്ന കോഡ് നെയിം നൽകി വികസിപ്പിച്ച വാഹനത്തിന്റെ പേരാണ് പ്രഖ്യാപിച്ചത്.  സ്രാവിന്റെ രൂപത്തിൽ നിന്ന പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. ബാസ്‌ക് എന്ന സ്പാനിഷ് ഉപഭാഷയിൽ മറാസോ എന്നാൽ സ്രാവ് എന്നാണർത്ഥം.

ഗ്രില്ലിൽ സ്രാവിന്റെ പല്ലുപോലെ ക്രോം ഇൻസേർട്ടുകൾ, ഷാർക്ക് ഇൻസ്പയേഡ് ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, ലെതർ ഇന്റീരിയർ, സറൗണ്ട് കൂളിംഗ് സിസ്റ്റം എന്നിവയാണ് മറാസോയുടെ പ്രധാന പ്രത്യേകതകൾ. ഏറ്റവും വലിയ ഫുട്ട് പ്രിന്റ് (വീൽബേസ് ത ഫ്രണ്ട് ട്രാക്ക്) ഉള്ള മഹീന്ദ്ര വാഹനമായിരിക്കും മറാസോ.

മഹീന്ദ്ര നോർത്ത് അമേരിക്ക ടെക്‌നിക്കൽ സെന്ററും, ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയും, മഹീന്ദ്ര ഡിസൈൻ സ്റ്റുഡിയോയും പിനിൻഫരീനയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് പുതിയ വാഹനമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക അറിയിച്ചു. മഹീന്ദ്രയുടെ നാസിക്ക് ഫാക്ടറിയിൽ നിർമ്മിച്ച് അടുത്തവർഷം പകുതിയോടെ വിപണിയിൽ എത്തും.