മെഴ്‌സിഡസ് എഎംജി ഇ 63 എസ് 4മാറ്റിക്+ വിപണിയിൽ

Posted on: May 23, 2018

കൊച്ചി : എക്കാലത്തേയും ഏറ്റവുമധികം കരുത്തുറ്റ ഇ-ക്ലാസായ എഎംജി ഇ 63 എസ് 4മാറ്റിക്+ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ വിപണിയിലിറക്കി. പെർഫോർമൻസ് സലൂൺ വിഭാഗത്തിൽപെട്ട ഈ കാറിന്റെ 4.0 ലിറ്റർ ട്വിൻ-ട്യൂബ് വി8 എൻജിൻ 450 കിലോവാട്ട് (612 എച്ച്പി) കരുത്ത് ലഭ്യമാക്കുന്നു. മെഴ്‌സിഡസ് എഎംജി വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ കാറായ എഎംജി ഇ 63 എസ് 4 മാറ്റിക് + സ്റ്റാർട്ടാക്കി 3.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. എഎംജി ഇ 63 എസ് 4മാറ്റിക്+ വിപണിയിലെത്തിയതോടെ ഇന്ത്യയിൽ മൊത്തം 14 എഎംജി മോഡലുകളായി.

ലക്ഷ്വറി പെർഫോർമൻസ് സലൂണിന്റെ അവസാനവാക്കാണ് എഎംജി ഇ 63 എസ് 4മാറ്റിക് + എന്ന് ന്യൂഡെൽഹിയിൽ കാർ വിപണിയിലിറക്കിക്കൊണ്ട് മെർസിഡീസ്-ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ റൊണാൾഡ് ഫോഗർ പറഞ്ഞു. ഏറ്റവും കരുത്തനായ ഇ-ക്ലാസ് എന്നതിനു പുറമെ ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജന്റ് എക്‌സിക്യൂട്ടീവ് സലൂണുമാണിത്. ലോകത്ത് വേറൊരു കാർ മോഡലും ഇത്രയും വിപുലവും സമൂലവുമായ ഒരു മാറ്റത്തിന് വിധേയമായിട്ടില്ല. ഉദാത്തമായ ഡ്രൈവിങ് അനുഭൂതി ലഭ്യമാക്കുന്ന എഎംജി ഇ 63 എസ് 4മാറ്റിക്കിനെ സംബന്ധിച്ചേടത്തോളം യാത്രയിൽ മുൻ സീറ്റിലെ സുഖം തന്നെ പിൻ സീറ്റിലും ലഭിക്കും.

ഡ്രിഫ്റ്റ് മോഡ് ആണ് 4 മാറ്റിക്കിലെ ഏറ്റവും സവിശേഷമായ ഘടകം. തികച്ചും മാറിക്കൊണ്ടിരിക്കുന്ന ടോർക് കാരണമാണ് കാറിന് ഒഴുകാൻ കഴിയുന്നത്.ഡ്രിഫ്റ്റ് മോഡിലിട്ടാൽ പിൻ ചക്രങ്ങളിൽ മാത്രമായിരിക്കും കാർ ഓടുന്നത്. എഎംജി ഇ 63 എസ് 4മാറ്റിക് പ്ലസ്സിന്റെ എക്‌സ് – ഷോറൂം വില 1.5 കോടി രൂപയാണ് . 88,000 രൂപ (നികുതി കൂടാതെ) അടച്ചാൽ രണ്ട് വർഷത്തേക്ക് അറ്റകുറ്റപ്പണികൾക്ക് വേറെ പണം ചെലവാക്കേണ്ടതായിട്ടില്ല എന്ന പ്രത്യേകതയുണ്ട്.