മഹീന്ദ്രയുടെ പുതിയ എക്‌സ് യു വി 500 കേരള വിപണിയിൽ

Posted on: April 20, 2018

കൊച്ചി : കരുത്തും ആഡംബര ഇന്റീരിയറും ആകർഷക രൂപകൽപനയുമായി പുതിയ മഹീന്ദ്ര എക്‌സ് യു വി 500 കേരള വിപണിയിൽ അവതരിപ്പിച്ചു. സസ്‌പെൻഷനിലും കാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ ആയാസരഹിതമായ യാത്ര വാഗ്ദാനം ചെയ്യുന്ന എക്‌സ് യു വി 500 കരുത്തിലും ടോർക്കിലും പ്രീമിയം എസ് യു വി രംഗത്ത് എതിരാളികളെയെല്ലാം മറികടക്കും. 12.45 ലക്ഷം രൂപ (ഡബ്ല്യു 5 മോഡൽ ) മുതലാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.

ഹൈടെക് സവിശേഷതകളും അതുല്യമായ പ്രകടനവും സുരക്ഷയും തരുന്ന എക്‌സ് യു വി 500 പ്രീമിയം എസ് യു വി വിഭാഗത്തിലെ ട്രെൻഡ് സെറ്ററായിക്കഴിഞ്ഞുവെന്ന് വാഹനം അവതരിപ്പിച്ച് കൊച്ചിയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെയിൽസ് വിഭാഗം വൈസ്പ്രസിഡന്റ് അമിത് സാഗർ പറഞ്ഞു.

ഡാഷ് ബോർഡിലെയും ഡോർ ട്രിമ്മിലെയും സോഫ്റ്റ് ടച്ച് ലതർ, അഡംബര ലതർ സീറ്റ്, നഗര സവാരിയിൽ മികച്ച ടോർക് പ്രദാനം ചെയ്യാൻ ഉപകരിക്കുന്ന ആറാം തലമുറയിൽപ്പെട്ട ഇലക്ട്രോണിക്കലി കൺട്രോൾഡ് വേരിയബിൾ ജ്യോമട്രി ടർബോചാർജർ, വലിയ സ്‌പോട്ടി 17 ഇഞ്ച് സെന്റീമീറ്റർ ഡയമണ്ട് കട്ട് അലോയ് വീൽ, ആർകമീസിന്റെ പുത്തൻ ഓഡിയോ തുടങ്ങിയ ഒട്ടേറെ സവിശേഷതകളുമായാണ് പുതിയ മോഡലുകൾ കമ്പനി അവതരിപ്പിക്കുന്നത്. ഈ മേഖലയിൽത്തന്നെ ആദ്യമായി സ്മാർട് വാച്ച് കണക്ടിവിറ്റി, കണക്ടഡ് ആപ്, എക്കോസെൻസ് ടെക്‌നോളജി എന്നിവയും പുതിയ എക്‌സ് യു വി 500 ൽ അവതരിപ്പിക്കുന്നു.

ക്രോം ഇൻസെർട്ടുകളോടുകൂടിയ വീതിയേറിയ ഗ്രിൽ, ക്രോം ബീസലോടുകൂടിയ ഫോഗ് ലാംമ്പ്, ടെയിൽ ഗേറ്റോടു കൂടിയ പുതിയ സ്പളിറ്റ് ടെയിൽലാംമ്പും സ്‌പോയിലറും, എൽ ഇ ഡി ഡേ റ്റൈം റണ്ണിങ് ലൈറ്റ് തുടങ്ങിയ പ്രത്യേകതകളുമുണ്ട്. പുതിയ ടാൻ, ബ്ലാക് തീമോടുകൂടിയതാണ് ഇന്റീരിയർ. പിയാനോ ബ്ലാക്കിലാണ് സെന്റർ കൺസോൾ. ഒപ്പം ക്വിൽറ്റ്ഡ് ടാൻ ലതർ സീറ്റുകൾ യാത്ര സുഖപ്രദമാക്കും. 155 ബി എച്ച് പി കരുത്തും 360 എൻ എം ടോർക്കും വാഗ്ദാനം ചെയ്യുന്ന എം ഹോക് എൻജിനാണ് എക്‌സ് യു വി 500 ന്റെ കരുത്ത്.

സുരക്ഷിത യാത്രക്കായി ഫ്രണ്ട്, സൈഡ്, കർട്ടൻ എന്നിവിടങ്ങളിലായി ആറ് എയർബാഗുകൾ, ഇ ബി ഡിയോടുകൂടി എ ബി എസ്, ഇ എസ് പി, ഹൈറേഞ്ച് യാത്രകൾക്കായി ഹിൽ ഹോൾഡ് ആൻഡ് ഡിസെന്റ് കൺട്രോൾ, എല്ലാ വീലിലും ഡിസ്‌ക് ബ്രേക് എന്നിവയും മറ്റ് സവിശേഷതകളാണ്. ഇതാദ്യമായി എമർജെൻസി കോളിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.