മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ഗ്രാൻഡ് എഡിഷൻ വിപണിയിൽ

Posted on: April 11, 2018

കൊച്ചി : മെഴ്‌സിഡസ് ബെൻസ് ജിഎൽഎസിന്റെ ഗ്രാൻഡ് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു. ജിഎൽഎസ് 350 ഡി ഗ്രാൻഡ് എഡിഷൻ ഡീസലിന്റെയും ജിഎൽഎസ് 400 ഗ്രാൻഡ് എഡിഷൻ പെട്രോളിന്റെയും വില 86.90 ലക്ഷം രൂപയാണ്.

എസ്‌യുവിയിലെ എസ്-ക്ലാസായ ജിഎൽഎസിന് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ റോളാണ്ട് ഫോഗർ പറഞ്ഞു. ആഗോളതലത്തിൽ ജിഎൽഎസ് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ആറ് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജിഎൽഎസ് 350 ഡി യുടേത് 3- ലിറ്റർ വി 6 ഡീസൽ എൻജിനും ജിഎൽഎസ് 400 ന്റേത് വി 6 പെട്രോൾ എൻജിനുമാണ്.

ബ്ലാക്.റിങ്ങുകളോടു കൂടിയ എൽഇഡി ഇന്റലിജന്റ് ലൈറ്റ് സിസ്റ്റം, 20 ഇഞ്ച് 10 – സ്‌പോക് ലൈറ്റ് അലോയ് വീൽ, 7 പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന വിധത്തിലുള്ള ആഡംബര പൂർണമായ ഉൾഭാഗം, 680 മുതൽ 2300 ലിറ്റർ വരെ സ്റ്റോറേജ് സൗകര്യം, നാപ്പ ലെതർ കൊണ്ടുള്ള എയർബാഗ് കവർ, സെമി ഇന്റഗ്രേറ്റഡ് കളർ മീഡിയ ഡിസ്‌പ്ലേ, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, ഫോൺ ചെയ്യാനും പാട്ട് കേൾക്കാനും ടെക്സ്റ്റ് മെസ്സേജുകൾ അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യം, തേഡ് പാർടി ആപ്പുകൾ സെലക്റ്റ് ചെയ്യാനുള്ള ക്രമീകരണം തുടങ്ങിയവ ഗ്രാൻഡ് എഡിഷന്റെ സവിശേഷതകളാണ്.