മെഴ്‌സിഡസ് ബെൻസ് തിരുവനന്തപുരത്ത് ഡീലർഷിപ്പ് ആരംഭിച്ചു

Posted on: March 5, 2018

തിരുവനന്തപുരം : മെഴ്‌സിഡസ് ബെൻസിന്റെ ഡീലർഷിപ്പ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. മെഴ്‌സിഡസ്-ബെൻസിന്റെ ഇന്ത്യയിലെ 93 ാമത്തെയും കേരളത്തിലെ എട്ടാമത്തെയും ഷോറൂമാണിത്. മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റോളണ്ട് ഫോഗറും രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ എസ്. ശിവകുമാറും ചേർന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മെഴ്‌സിഡസ് ബെൻസിനെ സംബന്ധിച്ചടത്തോളം വളരുന്ന പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും തിരുവനന്തപുരം പോലുള്ള രണ്ടാം നിര നഗരങ്ങൾ കമ്പനിയുടെ ഭാവിയിലെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുമെന്നും മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റോളണ്ട് ഫോഗർ പറഞ്ഞു.

കോവളം ബൈപ്പാസിനു സമീപത്തെ ഡീലർഷിപ്പ് സിറ്റി സെന്ററിനു വളരെ സമീപവുമാണ്. 9,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തിരുവനന്തപുരത്തെ ഷോറൂമിനായി രാജശ്രീ മോട്ടോഴ്‌സ് മൂന്നു കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഏഴു കാറുകൾ പ്രദർശിപ്പിക്കാവുന്ന സ്ഥലവിസ്തൃതിയും 15 വിദഗ്ധ ജീവനക്കാരുമുണ്ട്.

മെഴ്‌സിഡസ്-ബെൻസിന്റെ കേരളത്തിലെ വിപുലീകരണ ദൗത്യത്തിൽ ഭാഗമാകുന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും ബ്രാൻഡുമായുള്ള ദീർഘവും വിജയകരവുമായ സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കാമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ എസ്. ശിവകുമാർ പറഞ്ഞു.