ഫോക്‌സ്‌വാഗന്റെ കേരളത്തിലെ 15 മത് ഷോറൂം ആലപ്പുഴയിൽ തുറന്നു

Posted on: February 20, 2018

ഫോക്‌സ്‌വാഗൻ ആലപ്പുഴ ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോക്‌സ് വാഗൻ തിഗ്വാന്റെ താക്കോൽ ഫോക്‌സ്‌വാഗൻ പാസഞ്ചർ കാർസ് (ഇന്ത്യ) ഡയറക്ടർ സ്റ്റെഫൻ നാപ്പ്,  ഖത്തറിലെ സഫാരി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഷെറീഫ് മാടപ്പാട്ടിന് കൈമാറുന്നു. ഇവിഎം കാർസ് (ഇന്ത്യ) മാനേജിംഗ് ഡയറക്ടർ സാബു ജോണി സമീപം.

കൊച്ചി : ആഗോളതലത്തിൽ ഫോക്‌സ്‌വാഗൺ കാറുകളുടെ വിൽപനയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. താമസിയാതെ രാജ്യം നാലാം സ്ഥാനത്തെത്തുമെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് (ഇന്ത്യ) ഡയറക്ടർ സ്റ്റെഫൻ നാപ്പ് പറഞ്ഞു. ഫോക്‌സ്‌വാഗന്റെ സംസ്ഥാനത്തെ 15 ാമത് ഷോറൂം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റെഫൻ നാപ്പ്.

കേരളത്തിൽ ഇതുവരെയായി 36,000 ഫോക്‌സ്‌വാഗൺ കാറുകൾ വില്പന നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിൽപനയിൽ 12 ശതമാനവും കേരളത്തിലാണെന്ന് സ്റ്റെഫൻ നാപ്പ് പറഞ്ഞു. ഫോക്‌സ്‌വാഗന്റെ സുപ്രധാന വിപണിയാണ് കേരളം. 2008 ൽ പ്രവർത്തനമാരംഭിച്ച ഇവിഎം കാർസിന്റെ ഷോറൂമുകൾ വഴി മാത്രം 25,000 യൂണിറ്റുകൾ വിറ്റതായി ഇവിഎം മാനേജിംഗ് ഡയറക്ടർ സാബു ജോണി പറഞ്ഞു.

വിൽപന, വിൽപനാനന്തര സേവനം, സ്‌പെയർ പാർട്ടുകൾ എന്നീ സൗകര്യങ്ങളെല്ലാമുള്ള ആലപ്പുഴ ഷോറൂം വലിയ കലവൂർ ക്ഷേത്രത്തിന് എതിർവശത്താണ്. യൂസ്ഡ് കാറുകളുടെ വിപണനത്തിനായുള്ള ദാസ് വെൽറ്റ് ഓട്ടോ യൂണിറ്റും ആലപ്പുഴ ഷോറൂമിന്റെ ഭാഗമാണ്. ആലപ്പുഴയിലേത് ഇവിഎം കാർസിന്റെ പത്താമത്തെ ഫോക്‌സ് വാഗൺ ഔട്ട്‌ലൈറ്റാണെന്ന് സാബു ജോണി പറഞ്ഞു.