ഇലക്ട്രിക് വാഹനങ്ങളുടെ വൻനിരയുമായി മഹീന്ദ്ര

Posted on: February 16, 2018

ന്യൂഡൽഹി : നഗര സവാരിക്ക് ഇണങ്ങുന്ന ഇരുസീറ്റുള്ള കൺസപ്റ്റ് മൊബിലിറ്റി പോഡ് മുതൽ ബസുകൾ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വൻനിര മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോ എക്‌സ്‌പോ 2018 ൽ അവതരിപ്പിച്ചു. ഫ്യൂച്ചർ ഓഫ് മൊബിലിറ്റി എന്ന വിശേഷണത്തോടെയാണ് മഹീന്ദ്ര ഇല്ക്ട്രിക് വാഹനങ്ങളുടെ നിര ഒരുക്കിയത്. ഇതോടൊപ്പം ജി ഫോർ റെക്‌സ്റ്റൺ, ടി യു വി സ്റ്റിൻജർ തുടങ്ങിയ നവീന മോഡലുകളും മഹീന്ദ്ര പവലിയനിൽ അണിനിരത്തി.

ക്ലീൻ, കണക്ടഡ്, കൺവീനിയന്റ് എന്നീ മൂന്നു തത്ത്വങ്ങളിൽ ഉറച്ചുനിന്നാണ് പുതിയ വാഹനങ്ങൾ അവതരിപ്പിക്കുന്നതെന്ന് മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു. ടു സീറ്റർ ഇലക്ട്രിക് കൺസപ്റ്റ് പോഡ് ആയ യൂഡോ, നഗരസവാരിക്കിണങ്ങുന്ന ആറ്റം, ലിഥിയം ഇയോൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ത്രീവീലറായ ട്രിയോ, ഇ ടു ഓ പ്ലസ് ഹാച്ച്ബാക്കിന്റെ പുതുക്കിയ വേർഷനായ ഇ ടു ഓ നെക്‌സ്റ്റ്, ഇ- കെ യുവി 100, ഇ -കോസ്‌മോ ബസ് തുടങ്ങിയവയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയിലുള്ളത്.

യുഡോ : കോപാക്ട് ടു സീറ്റർ ആയാണ് യൂഡോ മഹീന്ദ്ര അവതരിപ്പിക്കുന്നത്. നഗരത്തിലെ തിരക്ക്, മലിനീകരണം എന്നീ പ്രശ്‌നങ്ങളിൽനിന്ന് ഇതോടെ മോചനമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാങ്കേതികവിദ്യയെ പ്രണയിക്കുന്ന നാഗരവാസികൾക്ക് ഇണങ്ങും വിധമാണ് രൂപകല്പന. മൈക്രോ ക്ലൈമറ്റ് കൺട്രോൾ, ലൈറ്റിങ്, ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളെല്ലാം യൂഡോയിൽ ഒരുക്കിയിട്ടുണ്ട്. ചെറുയാത്രക്കിടെ സ്മാർട് സൈക്ലിങ് സൗകര്യം ഉപയോഗപ്പെടുത്താം. പെഡലുകൾ ഉപയോഗപ്പെടുത്തുന്നതിനാൽ ബാറ്ററി റീചാർജ് ആവുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ടാഡ്‌പോൾ നിർമിതിയായതിനാൽ ബാലൻസിങ് പ്രശ്‌നവുമില്ല.

ആറ്റം : തടസമില്ലാതെ മണിക്കൂറുകളോളം ഉപയോഗിക്കാമെന്നതാണ് ആറ്റത്തിന്റെ പ്രത്യേകത. ഇന്റലിജന്റ് കണക്ടിവിറ്റി എന്ന സൗകര്യവും ആറ്റത്തിൽ ഒരുക്കിയിട്ടുണ്ട്.

ഇ കെയുവി 100 : രാജ്യത്തെ ആദ്യ ഇലക്ട്രിക് എസ് യു വി ആണിത്. പുതുതലമുറയിലെ ഇലക്ട്രിക് വാഹനത്തിന്റെ എല്ലാ പ്രത്യേകതകളുമുള്ള എസ് യു വി എന്നതാണ് പ്രത്യേകത. ഒരുമണിക്കൂറിനകം 80 ശതമാനം ചാർജ് ചെയ്യാം. ഒറ്റചാർജിങിൽ 140 കിലോമീറ്റർ വരെ. നഗര ഉപയോഗിത്തിന് ഇണങ്ങിയതാണ് മോട്ടോർ. സ്മാർട് ഫോൺ കണക്ടിവിറ്റി, കാബിൻ പ്രീ കൂളിങ്, ലൊക്കേഷൻ ട്രാക്കിങ് തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം ബാറ്ററി ചാർജിന്റെ നിലയും ഡ്രൈവിംഗ് രീതിയുമൊക്കെ അറിയാനാകും.

ട്രിയോ : പരിപാലനച്ചെലവ് കുറഞ്ഞ ലിഥിയം ഇയോൺ ബാറ്ററി ഉപയോഗിക്കുന്ന മഹീന്ദ്ര യുടെ ആദ്യ മുച്ചക്രവാഹനം. ഏത്രതിരക്കുള്ള നഗരവീഥിയിലും ഉപയോഗിക്കാനാകും.

ഇ ടു ഓ നെക്‌സ്റ്റ് : ഇ ടു ഓ പ്ലസിന്റെ പുതിയ വേർഷൻ. എക്സ്റ്റീരിയറും ഇന്റീരിയറും പുതുക്കി. ഇൻഫോടെയിൻസംവിധാനവും വിപുലം.

ഇ കോസ്‌മോ ഇലക്ട്രിക് ബസ് : പുതുമയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് മഹീന്ദ്ര വികസിപ്പിച്ച ആദ്യ ഇലക്ട്രിക് ബസ്. കാനഡയിലെ ടി എം ഫോറുമായി ചേർന്നാണ് എൻജിൻ വികസിപ്പിച്ചത്. റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം അടക്കമുള്ള ഒട്ടേറെ പുതുമകൾ. പലവിധത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ, വിലക്കുറവ്, ഡ്രൈവർക്കും യാത്രക്കാർക്കും സുഖയാത്ര തുടങ്ങിയ പ്രത്യേകതകളും ഇ കോസ്‌മോ വാഗ്ദാനം ചെയ്യുന്നു.