അശോക് ലേലാൻഡ് ഓട്ടോ എക്‌സ്‌പോയിൽ ഇലക്ട്രിക് ബസ് അവതരിപ്പിച്ചു

Posted on: February 14, 2018

കൊച്ചി : അശോക് ലേലാൻഡും സൺ മൊബിലിറ്റിയും സംയുക്തമായി പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് ബസ് – സർക്യൂട്ട്-എസ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു. സൺ മൊബിലിറ്റിയുടെ സ്വാപ്പബിൾ സ്മാർട്ട് ബാറ്ററി ഉപയോഗിച്ചുള്ളതാണ് അശോക് ലേലാൻഡിന്റെ ഈ ഇലക്ട്രിക് ബസ്.

നഗരങ്ങളിലെ പൊതു ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്ന മേഖലയിൽ ഏറെ സഹായകമാകുന്നതാണ് ഡിസൈൻ ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ ശേഷികൾക്ക് ഉദാഹരണമായി അവതരിപ്പിക്കുന്ന ഈ ബസ്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി അവതരിപ്പിച്ചിട്ടുള്ള ഈ ബസിന് 25 – 35 പേർക്ക് ഇരിക്കാനുള്ള സൗകര്യമാവും ഉണ്ടാകുക. സാധാരണ ലിയോൺ ബാറ്ററികളുടെ നാലിലൊന്നു മാത്രം ഭാരമുള്ള ചെറിയ സ്മാർട്ട് ബാറ്ററികളാവും ഇതിൽ ഉപയോഗിക്കുന്നത്. നാലു മിനിറ്റിൽ താഴെ മാത്രം എടുത്ത് സ്വാപിങോ റീ ഫ്യൂവലിങ്ങോ നടത്താനാവും.

ഇന്ത്യയിലെ പൊതു ഗതാഗത രംഗത്ത് മാറ്റങ്ങൾ വരുത്താനാണു തങ്ങൾ ശ്രമിക്കുന്നതെന്ന് അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടർ വിനോദ് കെ ദാസരി ചൂണ്ടിക്കാട്ടി. ഭാവിയിലെ പൊതു ഗതാഗതം ഇലക്ട്രിക് രീതികൾ ഉപയോഗിച്ചുള്ളതാവുമെന്നതിൽ സംശയമില്ലെന്ന് സൺ മൊബിലിറ്റി സഹ സ്ഥാപകനും വൈസ് ചെയർമാനുമായി ചേതൻ മൈനി പറഞ്ഞു.