മെഴ്‌സിഡസ്-ബെൻസ് ബിഎസ് 6 കാർ പുറത്തിറക്കി

Posted on: January 22, 2018

കൊച്ചി : മെഴ്‌സിഡസ്-ബെൻസ് 2020 ൽ പ്രാബല്യത്തിൽ വരുന്ന ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങൾക്കനുസൃതമായി നിർമ്മിച്ച ആദ്യ ഇന്ത്യൻ കാർ എസ് – ക്ലാസ് വിപണിയിലിൽ അവതരിപ്പിച്ചു. ബിഎസ് 4 ഇന്ധനവും ബിഎസ് 6 കാറിൽ ഉപയോഗിക്കാവുന്നതാണ്.

ബിഎസ് 6 വാഹനങ്ങളിൽ യഥാക്രമം നൈട്രജൻ ഓക്‌സൈഡിന്റെയും പർടിക്കുലേറ്റ് മാറ്ററിന്റേയും (ഖര, ദ്രവ മാലിന്യങ്ങൾ) അംശം ബിഎസ്-4 വാഹനങ്ങളെ അപേക്ഷിച്ച് യഥാക്രമം 68 ശതമാനവും 82 ശതമാനവും കുറവായിരിക്കും. നൈട്രജൻ ഓക്‌സൈഡ് കാര്യമായ തോതിൽ കുറയുമെന്നതിനാൽ ബിസ് 6 വരുന്നതോടെ പെട്രോൾ ഡീസൽ വാഹനങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമില്ലാതെയാവും.

മുംബൈയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരമുള്ള ബിഎസ് 6 ചട്ടങ്ങൾ പുതിയ കാർ പാലിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് എആർഎഐ (ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ) ഡയറക്ടർ രഷ്മി ഉധ്വവരേഷ് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ റോളാണ്ട് ഫോഗറിന് കൈമാറി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ഗതാഗത വകുപ്പ് ജോയിന്റ് സെക്രട്ടറി അജയ് ദാല തുടങ്ങിയവർ സന്നിഹിതരായിരുന്നു.