ടിവിഎസ് അപ്പാച്ചെ ആർആർ 310 വിപണിയിൽ

Posted on: December 18, 2017

കൊച്ചി : ടിവിഎസ് മോട്ടോർ കമ്പനി സൂപ്പർ – പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ടിവിഎസ് അപ്പാച്ചെ ആർആർ 310 വിപണിയിൽ അവതരിപ്പിച്ചു. വില 2,05,000 രൂപ. മികച്ച പ്രകടനം, റൈഡിങ്ങ് ഡയനാമിക്‌സ്, കരുത്തുറ്റ രൂപകൽപന എന്നിവയാണ് പുതിയ മോട്ടോർ സൈക്കിളിന്റെ പ്രത്യകതകൾ.

312 സിസി, സിംഗിൾ സിലിണ്ടർ, 4-സ്‌ട്രോക്ക്, 4-വാൽവ് ലിക്വിഡ് കൂൾഡ് എഞ്ചിൻ ലഭ്യമാക്കുന്നത് 9700 ആർപിഎമ്മിൽ ലഭ്യമാക്കുന്നത് 34പിഎസ് ആണ്. 7700 ആർപിഎമ്മിൽ 27.3 എൻഎമ്മും. 6 സ്പീഡ് സൂപ്പർ സ്ലിക് ഗിയർ ബോക്‌സ് നൽകുന്നത് പുതിയൊരു റേസ് ഷിഫ്റ്റ് അനുഭൂതിയാണ്. 2.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ ആക്‌സിലറേഷൻ ലഭ്യമാക്കുന്ന മോട്ടോർ സൈക്കിളിന് മണിക്കൂറിൽ 160 കിലോമീറ്റർ വരെയാണ് സ്പീഡ്. കരുത്തിന്റേയും ഭാരത്തിന്റേയും അനുപാതം ഏറ്റവും മികച്ചതാണ്. ഭാരം കുറഞ്ഞ ട്രെൽസ്-ഫ്രെയിം ചേസിസ് ആണ് ടിവിഎസ് അപ്പാച്ചെ ആർആർ 310-ന്റേത്.

വെർട്ടിക്കൽ സ്പീഡോ-കം-ടാക്കോ മീറ്റർ, എൽഇഡി ട്വിൻ പ്രൊജക്ടർ ഹെഡ് ലാംപുകൾ, മിഷലിൻ സ്ട്രീറ്റ് സ്‌പോർട്ട് ടയറുകൾ എന്നിവയും ശ്രദ്ധേയങ്ങളാണ്. മിഷലിൻ ടയറുകൾ ഉപയോഗിക്കുന്ന ആദ്യ സബ്-500 സിസി മോട്ടോർ സൈക്കിൾ ആണിത്. കെവൈബി റേയ്‌സ് ട്യൂൺസ് സസ്‌പെൻഷൻ, ഇലക്‌ട്രോണിക് ഫ്യൂവൽ ഇൻജക്ഷൻ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ടിവിഎസ് അപ്പാച്ചെ ആർആർ 310, ടിവിഎസിന്റെ ചരിത്രത്തിലെ ഒരു നാഴികകല്ലാണെന്ന് കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു. സൂപ്പർ-പ്രീമിയം മേഖലയിലേയ്ക്കുള്ള കുതിച്ചു ചാട്ടമാണ് പുതിയ മോട്ടോർ സൈക്കിളെന്ന് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.