കൊച്ചിയിൽ മെഴ്‌സിഡസ് ബെൻസിന്റെ ബോഡി ആൻഡ് പെയിന്റ് സെന്റർ

Posted on: October 31, 2017

കൊച്ചി : മെഴ്‌സിഡസ് ബെൻസ് കൊച്ചിയിൽ ബോഡി ആൻഡ് പെയിന്റ് സെന്റർ തുറന്നു. തൃക്കാക്കര കെ.എം.എം. കോളേജിന് സമീപം ആരംഭിച്ച സെന്റർ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ വൈസ് പ്രസിഡന്റ് (ആഫ്റ്റർ സെയിൽസ്) സന്തോഷ് അയ്യരും രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ എസ്. ശിവകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. പുതിയ കേന്ദ്രത്തിൽ അപകടത്തിൽപെടുന്ന ബെൻസ് കാറുകളുടെ ബോഡിക്ക് സംഭവിക്കുന്ന തകരാറ് പരിഹരിച്ച് റീ പെയ്ന്റിംഗ് നടത്തും.

48,000 ചതുരശ്ര അടി വിസ്തൃതിയിൽ തയ്യാറാക്കപ്പെട്ട ബോഡി ആൻഡ് പെയിന്റ് സെന്റർ രാജശ്രീ മോട്ടോഴ്‌സിന്റെ കൊച്ചിയിലെ മൂന്നാമത്തെ സർവീസ് സെന്ററാണ്. 21 ജീവനക്കാരുള്ള പുതിയ സർവീസ് സെന്ററിൽ 13 ബോഡി ആൻഡ് പെയിന്റ് ബേയും പെയിന്റിംഗ് ബൂത്തുമുണ്ട്.

വിൽപനാനന്തര സേവന മേഖലയിലെ മെഴ്‌സിഡീസ്-ബെൻസിന്റെ സുപ്രധാന കാൽവയ്പാണ് ബോഡി ആൻഡ് പെയിന്റ് സെന്ററെന്ന് സന്തോഷ് അയ്യർ പറഞ്ഞു. വിൽപനാനന്തര സേവനങ്ങളുടെ മികവ് കൂടി കണക്കിലെടുത്താണ് ഇപ്പോൾ പലരും കാറുകൾ വാങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയ്ക്ക് മുന്തിയ പരിഗണനയാണ് മെഴ്‌സിഡസ് ബെൻസ് നൽകി വരുന്നതെന്നും അദേഹം പറഞ്ഞു.

മെഴ്‌സിഡസ് ബെൻസ് ഉടമകൾക്ക് പുത്തൻ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഇത്തരം സർവീസ് സെന്ററുകൾ കോട്ടയം പോലുള്ള മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശമുണ്ടെന്ന് എസ്. ശിവകുമാർ പറഞ്ഞു.