വോൾവോയുടെ പ്രഥമ ഇന്ത്യൻ നിർമിത കാർ – എക്‌സ് സി 90 വിപണിയിൽ

Posted on: October 11, 2017

കൊച്ചി : ഇന്ത്യയിൽ നിർമിക്കപ്പെട്ട പ്രഥമ വോൾവോ കാർ – എക്‌സ് സി 90 കാർ വിപണിയിൽ അവതരിപ്പിച്ചു. വോൾവോ ഇന്ത്യയുടെ ബംഗലുരു പ്ലാന്റിലായിരുന്നു നിർമാണം. വോൾവോയുടെ എസ്പിഎ മോഡുലാർ വെഹിക്കിൾ ആർക്കിറ്റെക്ചർ അടിസ്ഥാനമാക്കിയുള്ള മറ്റ് മോഡൽ കാറുകളും ഭാവിയിൽ ബംഗലുരു ഫാക്ടറിയിൽ നിർമ്മിക്കപ്പെടുമെന്ന് വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രമ്പ് പറഞ്ഞു.

ഇന്ത്യയിൽ ഇനിയും വളരുക എന്ന കമ്പനിയുടെ ദൃഢനിശ്ചയത്തിനുള്ള സാക്ഷ്യപത്രമാണ് പ്രാദേശികമായി അസംബ്ലിംഗ് ആരംഭിച്ച നടപടി. ഇതര രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന വോൾവോ കാറുകളുടെ അതേ ഗുണമേന്മ ഇന്ത്യയിൽ നിർമിക്കുന്നവയ്ക്കും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഫ്രമ്പ് വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്റെ മേക് ഇൻ ഇന്ത്യ നയത്തിന്റെ ചുവടിപിടിച്ചാണ് പ്രാദേശികമായി നിർമാണം ആരംഭിച്ചിട്ടുള്ളത്. വോൾവോയ്ക്ക് കൊച്ചിയിലടക്കം 18 നഗരങ്ങളിൽ ഡീലർഷിപ്പുകളുണ്ട്. കോഴിക്കോട്ട് ഉടൻ തന്നെ ഡീലർഷിപ്പാരംഭിക്കുമെന്നും അദേഹം പറഞ്ഞു.