ടാറ്റാ നെക്‌സോൺ കേരള വിപണിയിൽ പുറത്തിറക്കി

Posted on: September 26, 2017

കൊച്ചി : പുതുതലമുറയിലെ നെക്സ്റ്റ് ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയായ ടാറ്റാ നെക്‌സോൺ കേരള വിപണിയിൽ അവതരിപ്പിച്ചു. 1.2 ലിറ്റർ പെട്രോൾ വേരിയന്റിന് 5.99 – 8.76 ലക്ഷം രൂപ വരെയും 1.5 ലിറ്റർ ഡീസൽ വേരിയന്റിന് 6.99 – 9.61 ലക്ഷം രൂപ വരെയുമാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.

എക്‌സ് ഇ, എക്‌സ് എം, എക്‌സ് ടി, എക്‌സ് സെഡ് പ്ലസ് എന്നീ നാലു വേരിയന്റുകളാണുള്ളത്. വെർമോണ്ട് റെഡ്, മൊറോക്കൻ ബ്ലൂ, സിയാറ്റിൽ സിൽവർ, ഗ്ലാസ്‌ഗോ ഗ്രേ, കാൾഗറി വൈറ്റ് എന്നീ അഞ്ച് കളർഓപ്ഷനുകളിൽ നെക്‌സോൺ തെരഞ്ഞെടുക്കാം. 75,000 കിലോമീറ്റർ അല്ലെങ്കിൽ രണ്ടു വർഷം സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

നെക്‌സോൺ അവതരിപ്പിച്ചു കൊണ്ട് കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ സൗകര്യം, ഡ്രൈവിംഗ് സവിശേഷതകൾ, പ്രായോഗികത എന്നിവയുടെ അടിസ്ഥാനത്തിൽ പുതിയൊരു നിലവാരമാണ് തങ്ങൾ സൃഷ്ടിച്ചിരിക്കുന്നതൈന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർവെഹിക്കിൾസ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് എസ്.എൻ. ബർമൻ പറഞ്ഞു. നെക്‌സോൺ സ്‌പോർട്ടിനെസ്, സ്‌റ്റൈൽ തുടങ്ങി എല്ലാ അർത്ഥത്തിലും പുതു പാതകൾ വെട്ടിത്തുറക്കുമെന്ന് അദേഹം പറഞ്ഞു.