മഹീന്ദ്ര ഡ്രൈവർലെസ് ട്രാക്ടർ പുറത്തിറക്കി

Posted on: September 20, 2017

മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യയിൽ ആദ്യത്തെ ഡ്രൈവർലെസ് ട്രാക് ടർ പുറത്തിറക്കി. ചെന്നൈയിലെ മഹീന്ദ്ര റിസേർച്ച് വാലിയിലാണ് ഡ്രൈവർലെസ് ട്രാക്ടർ വികസിപ്പിച്ചത്. ട്രാക്ടറിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്തുവെച്ചിട്ടുള്ള സാങ്കേതികവിദ്യയെ ടാബ്‌ലറ്റ് യൂസർ ഇന്റർഫേസ് ഉപയോഗിച്ച് നിയന്ത്രിക്കാനാകും. അകലെ നിന്ന് ട്രാക്ടർ സ്റ്റാർട്ടാക്കാനും ഓഫ് ചെയ്യാനും സാധിക്കും. ട്രാക്ടർ വയലിന്റെ അതിർത്തി ലംഘിക്കാതിരിക്കാൻ ജിയോഫെൻസ് ലോക്കും ഈ വാഹനത്തിലുണ്ട്. പുതിയ ഉത്പന്നം 2018 ൽ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തും.

ഡ്രൈവർലെസ് ട്രാക്ടർ കാർഷികമേഖലയിൽ പുതിയ അവസരങ്ങൾ തുറന്നിടുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക പറഞ്ഞു. ഡ്രൈവർലെസ് ട്രാക്ടർ മഹീന്ദ്രയ്ക്ക് അഭിമാനകരമായ നിമിഷമാണ്. ഈ നൂതന സാങ്കേതികവിദ്യ ആഗോള കാർഷിക സമൂഹത്തിന് സമർപ്പിക്കുന്നുവെന്നും പവൻ ഗോയങ്ക കൂട്ടിച്ചേർത്തു.