മഹീന്ദ്ര ഗ്രൂപ്പും ഫോർഡ് മോട്ടോർ കമ്പനിയും തമ്മിൽ പുതിയ കൂട്ടുകെട്ട്

Posted on: September 19, 2017

കൊച്ചി : മഹീന്ദ്ര ഗ്രൂപ്പും ഫോർഡ് മോട്ടോർ കമ്പനിയും തന്ത്രപരമായി സഹകരണത്തിന് തുടക്കം കുറിച്ചു. ധാരണയനുസരിച്ച് മൊബിലിറ്റി പദ്ധതികൾ, കണക്ടഡ് വെഹിക്കിൾ പ്രോജക്ട്, വൈദ്യുതീകരണം, ഉത്പന്ന വികസനം, ഫോർഡിന്റെ ഇന്ത്യയിലെ വിതരണം ശക്തിപ്പെടുത്തുക, ഇന്ത്യയ്ക്കു പുറത്ത് നവോദയ വിപണികളിൽ മഹീന്ദ്രയുടെ വിതരണം ശക്തിപ്പെടുത്തുക തുടങ്ങിയ മേഖലകളിലെ സാധ്യതകളാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തേക്ക് ഇരു കമ്പനികളിലേയും ടീമുകൾ സഹകരിച്ചു പ്രവർത്തിക്കും. തുടർന്നുള്ള സഹകരണം കാലാവധി പൂർത്തിയാകുമ്പോൾ ഇരുകമ്പനികളുംകൂടി ചർച്ച ചെയ്തു തീരുമാനിക്കും.

ഫോർഡ് ഇന്ത്യയിൽ ഏറ്റവും മികച്ച വാഹനങ്ങളും സേവനങ്ങളും ലഭ്യമാക്കുവാൻ പ്രതിജ്ഞാബദ്ധമാണ്. ഇതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന വിപണിയിൽ ലാഭക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നുവെന്ന് ഫോർഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബൽ മാർക്കറ്റ്‌സ് പ്രസിഡന്റുമായ ജിം ഫാർലെ പറഞ്ഞു.

ഫോർഡുമായുള്ള പങ്കാളിത്തം രണ്ടു കൂട്ടർക്കും നിരവധി അവസരങ്ങളാണ് തുറന്നു നൽകുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു.