മഹീന്ദ്ര ജീത്തോ മിനിവാൻ കേരള വിപണിയിൽ

Posted on: July 18, 2017

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ മോഡലായ ജീത്തോ മിനിവാൻ കേരള വിപണിയിൽ അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ, സിഎൻജി ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വേരിയന്റുകൾ ലഭ്യമാണ്. സെമി ഹാർഡ് ടോപ്പ്, ഹാർഡ് ടോപ്പ് ബോഡി വകഭേദങ്ങളുമുണ്ട്. കൊച്ചി എക്‌സ്‌ഷോറൂം വില 3.43 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. ലിറ്ററിന് 26 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം.

കാറുകളുടേതിന് സമാനമായ ഡാഷ് ബോർഡ്, ഡ്രൈവർക്കും സഹയാത്രക്കാരനും ബക്കറ്റ് സീറ്റുകൾ, പിന്നിൽ മൂന്ന് പേർക്ക് ഇരിക്കാവുന്ന ബഞ്ച് സീറ്റ്, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് തുടങ്ങിയ സവിശേഷതകളുമുണ്ട്. വില്പന വിജയം നേടിയ മിനി ട്രക്കായ ജീത്തോയുടെ പ്ലാറ്റ്‌ഫോമിലാണ് ജീത്തോ മിനിയും രൂപകല്പനചെയ്തിട്ടുള്ളത്. രണ്ട് വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ വരെ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. സൺറൈസ് റെഡ്, അൾട്ര മറൈൻ ബ്ലൂ, ഡയമണ്ട് വൈറ്റ് എന്നീ നിറങ്ങളിൽ ജീത്തോ മിനി തെരഞ്ഞെടുക്കാം.

ജീത്തോ മിനിയുടെ എം ഡ്യൂറാ ഡയറക്ട് ഇൻജക്ഷൻ ബിഎസ് -4 ഡീസൽ എൻജിൻ 16 ബിഎച്ച്പി കരുത്തും 38 എൻഎം ടോർക്കും പ്രദാനം ചെയ്യും. നാല് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ആണ് മിനി വാനിനുള്ളത്.

രാജ്യത്ത് മഹീന്ദ്രയുടെ പ്രധാന വിപണികളിലൊന്നാണ് കേരളമെന്ന് മഹീന്ദ്ര ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് (മഹീന്ദ്ര കമേഴ്‌സ്യൽ വെഹിക്കിൾസ്) മഹേഷ് കുൽക്കർണി പറഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര സീനിയർ ജനറൽ മാനേജർ – സെയിൽസ് (സൗത്ത്) രാജേഷ് ഭാസിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.