കോയമ്പത്തൂരിൽ ഹോണ്ടയുടെ ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റ്

Posted on: June 13, 2017

കോയമ്പത്തൂർ : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ പ്രീ-ഓൺഡ് ടൂവീലർ വിൽപ്പനയ്ക്കായുള്ള 150 മത് ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ആദി ഹോണ്ടയിൽ ആരംഭിച്ചു. ടൂവീലർ വ്യവസായ രംഗത്തെ പ്രീ-ഓൺഡ് ടൂവീലറുകൾക്കായുള്ള ആദ്യത്തെ സംഘടിത റീട്ടെയ്ൽ സ്ഥാപനമാണ് ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റുകൾ. ഉപഭോക്താക്കളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നതിന് ഈ ഔട്ട്‌ലെറ്റുകൾ സഹായിച്ചു. പ്രീ-ഓൺഡ് ടൂവീലർ വിപണിയുടെ സാധ്യതകൾ മുതലെടുക്കാനും സാധിച്ചു.

നോട്ട് അസാധുവാക്കലും ബിഎസ്-3 യിൽ നിന്നും ബിഎസ്-4 ലേക്കുള്ള മാറ്റവും മൂലം ടൂവീലർ വ്യവസായം ഏറെ വെല്ലുവിളികൾ നേരിട്ട കഴിഞ്ഞ വർഷം വിൽപ്പന വളർച്ച ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയിരുന്നു. എന്നാൽ പ്രീ-ഓൺഡ് വിൽപ്പനയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഹോണ്ടയുടെ പ്രീ-ഓൺഡ് ടൂവീലർ വിൽപ്പന 23 ശതമാനം വളർച്ച കുറിച്ചു. ഏഴു ശതമാനം വളർച്ച രേഖപ്പെടുത്തിയ പുതിയ ടൂവീലർ വിൽപ്പനയേക്കാൾ മൂന്നിരട്ടി വർധനയാണ് പ്രീ-ഓൺഡ് ടൂവീലർ വിൽപ്പനയിൽ ഉണ്ടായത്.

പ്രീ-ഓൺഡ് വിൽപ്പന വളരെ വേഗത്തിലാണ് കുതിക്കുന്നതെന്നും അതുകൊണ്ട് ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം നടപ്പ് സാമ്പത്തിക വർഷം 200 ആയി വർധിപ്പിക്കുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.