ഹോണ്ട ആക്ടിവ 4ജി മോഡൽ അവതരിപ്പിച്ചു

Posted on: March 7, 2017

കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് 2016 ൽ ലോകത്ത് ഏറ്റവുമധികം വിൽപ്പന കുറിച്ച ആക്ടിവയുടെ പുതിയ മോഡൽ അവതരിപ്പിച്ചു. നാലാം തലമുറയിലേക്ക് ഉയർത്തിയ 110 സിസി ഓട്ടോമാറ്റിക് സ്‌കൂട്ടറായി ആക്ടിവ 4ജിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ ടൂവീലർ വ്യവസായ രംഗത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായി 110 സിസി സ്‌കൂട്ടർ മാറുന്ന ഘട്ടത്തിലാണ് ഹോണ്ട, ആക്ടിവയുടെ പുതിയ പതിപ്പ് ഇറക്കുന്നത്. ഓട്ടോമാറ്റിക് സ്‌കൂട്ടർ വിഭാഗത്തിൽ വിപണിയുടെ 58 ശതമാനവും ഹോണ്ട കയ്യടക്കിയിരിക്കുന്നു.

ഒന്നര കോടി ഇന്ത്യൻ കുടുംബങ്ങളുടെ വിശ്വാസത്തിലൂന്നിയാണ് ഹോണ്ട ആക്ടിവ വിൽപ്പനയിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തുന്ന ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക് സ്‌കൂട്ടറായി മാറിയതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യദ്‌വീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു. നാലാം തലമുറ ബിഎസ്-നാലിലേക്ക് അപ്‌ഗ്രേഡ് ചെയ്ത ഇന്ത്യയുടെ പ്രിയപ്പെട്ട സ്‌കൂട്ടർ ആക്ടിവ 4ജിയിൽ മൊബൈൽ ചാർജിംഗ് സോക്കറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പുതുമയാർന്ന നിറങ്ങളിലും ലഭ്യമാണ്.

വിൽപ്പനയിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള സ്‌കൂട്ടറിന്റെ പുതിയ ആക്ടിവ-4ജിക്ക് പുതിയ ചില സൗകര്യങ്ങളും ലുക്കും ഒരുക്കിയിട്ടുണ്ട്. ഫ്രണ്ട് സെന്റർ കവർ ഡിസൈൻ കൂടുതൽ ചലനാത്മകമാണ്. മൊബൈൽ ചാർജിങ് സോക്കറ്റ് ഉള്ളതിനാൽ എപ്പോഴും കണക്റ്റഡ് ആയിരിക്കുമെന്ന് ഉറപ്പുവരുത്താം. ട്യുബ്‌ലെസ് ടയറുകൾ, സീറ്റിനടിയിൽ കൂടുതൽ സ്ഥലം, സുഖകരമായ റൈഡിങ് പൊസിഷൻ, സിഎൽഐസി മെക്കാനിസം (പ്രവർത്തനം എളുപ്പമാക്കുന്ന സംവിധാനം) തുടങ്ങിയവയെല്ലാം വാഹനമോടിക്കുന്നയാൾക്ക് സൗകര്യപ്രദമാകുന്നു.

പുതിയ ആക്ടിവ 4ജി കാലത്തിനപ്പുറം സംവിധാനങ്ങളുമായാണ് എത്തുന്നത്. ഇക്വലൈസർ സാങ്കേതിക വിദ്യയോടെയുള്ള കോംബി ബ്രേക്കിംഗ് സംവിധാനം ഇടതു ബ്രേക്ക് ലിവർ അമർത്തുമ്പോൾ തന്നെ മുന്നിലേക്കും പിന്നിലേക്കുമുള്ള ബ്രേക്ക് ഫോഴ്‌സ് തുല്യമായി പങ്കിടുന്നു. ബ്രേക്കിംഗ് ദൂരം കുറയ്ക്കുന്നതിനും ബാലൻസ് മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

ഹൃദയ ഭാഗത്ത് ഹോണ്ടയുടെ വിശ്വസനീയമായ 109 സിസി ഇക്കോ സാങ്കേതികവിദ്യയോടു കൂടിയ എൻജിനാണ്. 7500 ആർപിഎമ്മിൽ 8ബിഎച്ച്പി ശക്തി പകരുന്നു. ടോർക്കിന് 5500 ആർപിഎമ്മിൽ 9എൻഎം ലഭിക്കുന്നത് റോഡിൽ അനായാസ പ്രകടനം ഉറപ്പുവരുത്തുന്നു.

പുതിയ ആക്ടിവ 4ജി സിൽവർ മെറ്റാലിക്ക്, ഗ്രേ മെറ്റാലിക്ക്, ബ്ലൂ മെറ്റാലിക്ക്, ഇംപീരിയൽ റെഡ് മെറ്റാലിക്ക്, പേൾ അമൈസിങ് വൈറ്റ്, മജസ്റ്റിക് ബ്രൗൺ മെറ്റാലിക് തുടങ്ങി ഏഴു നിറങ്ങളിൽ ലഭ്യമാണ്. പുതിയ ഹോണ്ട ആക്ടിവ 4ജിയുടെ ഡൽഹി എക്‌സ്‌ഷോറൂം വില 50,730 രൂപ.

TAGS: Honda Activa 4G |