ഹോണ്ട ബിഎസ് 4 സി ബി ഷൈൻ എസ്പി മോട്ടോർ സൈക്കിൾ

Posted on: February 21, 2017

കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ഇന്ത്യയിൽ 50 ലക്ഷം വാഹനങ്ങൾ തികച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി പുതിയ ബിഎസ് 4 സി ബി ഷൈൻ എസ്പി മോട്ടോർ സൈക്കിൾ പുറത്തിറക്കി. ഭാരത് സ്റ്റേജ്-4 മാനദണ്ഡങ്ങളും ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓൺ (എഎച്ച്ഒ) സഹിതവുമാണ് പുതിയ ഷൈൻ എസ്പി പുറത്തിറക്കിയിട്ടുള്ളത്. ഡൽഹിയിൽ എക്‌സ് ഷോറൂം വില 60,914 രൂപയാണ്.

പേൾ സൈറൻ ബ്ലൂ, ഇംപീരിയൽ റെഡ് മെറ്റാലിക് എന്നീ നിറങ്ങളിൽ പുതിയ ഗ്രാഫിക്‌സോടെയാണ് മോട്ടോർ സൈക്കിൾ എത്തിയിട്ടുള്ളത്. ഇതോടെ ആറു നിറങ്ങളിൽ ഇതു ലഭ്യമാണ്. ജനി ഗ്രേ മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, പേൾ അമേസിംഗ് വൈറ്റ്, ബ്ലാക്ക് എന്നിവയാണ് മറ്റ് നിറങ്ങൾ.

ഡിജിറ്റൽ മീറ്റർ കൺസോൾ, ഡ്യൂവൽ ടോൺ സൈഡ് കവർ, ഡിസ്‌കോടുകൂടിയ 5-സ്പ്‌ളിറ്റ് അലോയി വീൽ തുടങ്ങിയവയോടെയാണ് സി ബി ഷൈൻ എസ്പിയുടെ വരവ്. ഹോണ്ട വികസിപ്പിച്ചെടുത്ത എച്ച്ഇടി ടയർ ഉപയോഗിക്കുന്ന ആദ്യത്തെ മോട്ടോർ സൈക്കിൾ കൂടിയാണ് സി ബി ഷൈൻ എസ്പി. ഉയർന്ന ഗ്രിപ്പ് നൽകുന്നതിനൊപ്പം ഊർജനഷ്ടം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ മിശ്രിതമാണ് പുതിയ ടയർ നിർമിക്കാൻ ഉപയോഗിച്ചിട്ടുള്ളതെന്നും ഇത് ഓട്ടോ മൊബൈൽ വ്യവസായത്തിൽ പുതിയ വിപ്ലവത്തിനു തുടക്കം കുറിക്കുമെന്നും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേരിയ പറഞ്ഞു. പുതിയ എച്ച്ഇടി ടയറുകൾ റോളിംഗ് റെസിസ്റ്റൻസിൽ 15-20 ശതമാനം കുറവു വരുത്തും. ഇത് മോട്ടോർ സൈക്കിളിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിക്കും.

ഈക്വലൈസറോടു കൂടിയ ഹോണ്ടയുടെ ഏറ്റവും പുതിയ കോമ്പി ബ്രേക്ക് സിസ്റ്റം (സിബിഎസ്) ആണ് സി ബി ഷൈൻ എസ്പിയിൽ ഉപയോഗിച്ചിട്ടുള്ളത്. നീളം കൂടിയ സീറ്റ്, നീളം കൂടിയ വീൽ ബേസ്, കൂടിയ ഗ്രൗണ്ട് ക്ലിയറൻസ്, വ്യത്യാസം വരുത്താവുന്ന സസ്‌പെൻഷൻ തുടങ്ങിയ സി ബി ഷൈൻ എസ്പിയിലെ യാത്രയ്ക്ക് അധിക സുഖം നൽകുന്നു. 2017 ഏപ്രിൽ ഒന്നു മുതൽ ഓട്ടോ മാറ്റിക് ഹെഡ്‌ലാമ്പ് ഓൺ, ബിഎസ് നാല് മാനദണ്ഡങ്ങൾ എന്നിവ ഇരുചക്രവാഹനങ്ങളിൽ ലഭ്യമായിരിക്കണമെന്ന് ഗവൺമെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഡിഎൽഎക്‌സ്, എസ്ടിഡി, സിബിഎസ് എന്നിങ്ങനെ മൂന്നു പതിപ്പുകളിൽ മോട്ടോർ സൈക്കിൾ ലഭ്യമാണ്.